വീട്ടിലെ പൂച്ച മാന്തി, വാക്‌സിനെടുത്തിട്ടും രക്ഷപ്പെട്ടില്ല; പന്തളത്തെ 11കാരിക്ക് ദാരുണാന്ത്യം

Thursday 10 July 2025 7:54 PM IST

പത്തനംതിട്ട: വീട്ടില്‍ വളര്‍ത്തിയിരുന്ന പൂച്ച മാന്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പതിനൊന്നുകാരിക്ക് ദാരുണാന്ത്യം. പന്തളം മണ്ണില്‍ തെക്കേതില്‍ അഷ്‌റഫ് - സജിന ദമ്പതിമാരുടെ മകള്‍ ഹന്ന ഫാത്തിമയാണ് മരിച്ചത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഹന്നയെ വീട്ടിലെ വളര്‍ത്തു പൂച്ച മാന്തിയത്. മുറിവേറ്റതിനാല്‍ കുട്ടിയെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചു. വാക്‌സിനെടുക്കാനായി ഇവിടെ നിന്ന് കുട്ടിയെ അടൂരിലെ താലൂക്ക് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.

പ്രതിരോധ കുത്തിവയ്‌പ്പെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയും രണ്ടാമത്തെ കുത്തിവയ്പ്പിനായി തിങ്കളാഴ്ച പന്തളത്തെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പോകുകയും ചെയ്തിരുന്നു. കുത്തിവയ്പ്പിന് പിന്നാലെ വീട്ടിലെത്തിയ പെണ്‍കുട്ടി അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും പന്തളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഇവിടെ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ജില്ലാ ആശുപത്രിയില്‍ വച്ച് ആരോഗ്യ സ്ഥിതി മോശമായതോടെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇവിടെ ചികിത്സയില്‍ തുടരുമ്പോഴാണ് മരണം സംഭവിച്ചത്. മരണകാരണം പൂച്ചയുടെ കടിയേറ്റല്ല എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മരണ കാരണം കണ്ടെത്തുന്നതിന് സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

കുട്ടിക്ക് ഡെങ്കിയോ നിപയോ ബാധിച്ചിരുന്നോ എന്നും സംശയിക്കുന്നുണ്ട്. മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടില്ല. കുട്ടിയുടെ സംസ്‌കാരം വെള്ളിയാഴ്ച കടക്കാട് മുസ്‌ലിം ജുമാ മസ്ജിദില്‍ നടക്കും.