മുല്ലക്കര ഉന്നതിയിലെ എല്ലാ വീടുകളിലും 27നകം വൈദ്യുതി: മന്ത്രി കെ.കൃഷ്ണൻകുട്ടി

Friday 11 July 2025 1:02 AM IST
വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി മുല്ലക്കര ഉന്നതി സന്ദർശിക്കുന്നു. എ.പ്രഭാകരൻ എം.എൽ.എ സമീപം.

പാലക്കാട്: പുതുപ്പരിയാരം പഞ്ചായത്തിലെ മുല്ലക്കര ഉന്നതിയിലെ എല്ലാ വീടുകളിലും 27നകം വൈദ്യുതി എത്തിക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. വൈദ്യുതി കുടിശികയെ തുടർന്ന് 20 കുടുംബങ്ങളുടെ വൈദ്യുതി വിച്ഛേദിക്കപ്പെട്ട സാഹചര്യത്തിൽ മുല്ലക്കര ഉന്നതി സന്ദർശിച്ച ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനും വീടുകളിലേക്ക് പുതിയ കണക്ഷൻ നൽകുന്നതിനുമായി കേരള ഹൈഡൽ ടൂറിസത്തിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നുളള 5.57 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടർക്കു വേണ്ടി ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ എം.ഷമീനയ്ക്ക് മന്ത്രി കൈമാറി. ഇതിൽ മൂന്ന് ലക്ഷം രൂപയാണ് കുടിശിക തീർക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്കായി ഉപയോഗിക്കുക. ശേഷിച്ച തുക ഭാഗികമായി തകർന്ന വീടുകളുടെ വയറിംഗിനും നവീകരണത്തിനുമായി വിനിയോഗിക്കും. ഒമ്പത് വീടിന് നിലവിലുള്ള സൗകര്യങ്ങളിൽത്തന്നെ വൈദ്യുതി ലഭ്യമാക്കും. ഒരു വീട്ടിൽ നിലവിൽ അവിടെ ആരും താമസമില്ല. പത്ത് വീടുകൾക്ക് ചുമരില്ലാത്തതിനാൽ ചുമർ കെട്ടിയ ശേഷമേ വൈദ്യുതി നൽകാനാവൂ. ചുമരില്ലാത്ത വീടുകൾക്ക് 20നകം നാലടി വീതിയിലും മൂന്നടി പൊക്കത്തിലും ചുമര് നിർമ്മിച്ചു നൽകാൻ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകി. ചുമര് നിർമ്മാണം പൂർത്തിയാക്കി 27നകം മുഴുവൻ വീടുകളിലും വൈദ്യുതി എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എ.പ്രഭാകരൻ എം.എൽ.എയെ അറിയിക്കണമെന്നും ഉദ്യോഗസ്ഥരോട് നിർദേശിച്ചു. വൈദ്യുതി എത്തിക്കുന്നതിനൊപ്പം ഉന്നതിയിലെ ഓരോ വീട്ടിലും ദീർഘകാല വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതികൾ ആവിഷ്‌ക്കരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. കമ്മ്യൂണിറ്റി ഇറിഗേഷൻ സ്‌കീം വഴി ഓരോ വീട്ടിലേക്കും വെള്ളം എത്തിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി. ഇതിനായി 20ന് ജില്ലാ കളക്ടർ ജി.പ്രിയങ്കയുടെ നേതൃത്വത്തിൽ പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റിനെയും പട്ടിക വർഗ വികസനവകുപ്പ്, വനംവകുപ്പ്, കൃഷി, മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തി യോഗം ചേരും. മുല്ലക്കര ഉന്നതി നിവാസികൾക്ക് തൊഴിലുറപ്പ് പദ്ധതി മുഖേന 100 ദിവസം വരെ തൊഴിൽ നൽകാനും മന്ത്രി നിർദ്ദേശിച്ചു. മുല്ലക്കര ഉന്നതി നിവാസികളുടെ കുടിവെള്ള കുടിശ്ശികയായ 3350 രൂപ എ.പ്രഭാകരൻ എം.എൽ.എ അടച്ചു. പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.ബിന്ദു, വൈസ് പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണൻ, സെക്രട്ടറി കെ.കാഞ്ചന, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.