മികവിന്റെ കേന്ദ്രമാകാൻ ഒറ്റപ്പാലം സർക്കാർ ബധിര വിദ്യാലയം

Friday 11 July 2025 1:03 AM IST
ഒറ്റപ്പാലം ഗവ. ബധിര വിദ്യാലയത്തിൽ മികവിന്റെ കേന്ദ്രം പദ്ധതിയുടെ ഭാഗമായി ഒരുക്കിയ മാറ്റങ്ങൾ.

 ഉദ്ഘാടനം ജൂലായ് 22ന്

പാലക്കാട്: ഒറ്റപ്പാലം ഗവ.ബധിര വിദ്യാലയത്തിൽ നടപ്പാക്കുന്ന മികവിന്റെ കേന്ദ്രം പദ്ധതി പൂർത്തീകരണത്തിലേക്ക്. വിദ്യാലയത്തിന്റെ ഭൗതിക അക്കാഡമിക് നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 2024-25 വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അക്കാഡമിക്, ഭൗതികം, സാമൂഹ്യം, സൗന്ദര്യവത്കരണം എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചാണ് പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നത്. അക്കാഡമിക് നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി സയൻസ്, കമ്പ്യൂട്ടർ, സ്പീച്ച് ലാബുകളും ഓഡിയോളജി, ലൈബ്രറി മുറികളും നവീകരിച്ചു. ശ്രവണ വൈകല്യമുള്ള കുട്ടികൾക്ക് ഗ്രൂപ്പ് ഹിയറിംഗ് സിസ്റ്റം ഉപയോഗിച്ചുള്ള പ്രവർത്തനവും ഓഡിയോഗ്രാം നടത്താനുള്ള പ്രാഥമിക സൗകര്യങ്ങളും ഒരുക്കി. കുട്ടികൾക്ക് കളിസ്ഥലം, പ്രത്യേക പാർക്ക്, ലോങ്ങ് ജംപ് ബിറ്റ് എന്നിവ തയ്യാറാക്കി ഭൗതിക സാഹചര്യവും മെച്ചപ്പെടുത്തി. കൂടാതെ വിദ്യാലയത്തിലെ ചുമരുകൾ വർണ ചിത്രങ്ങളാലും മനോഹരമാക്കിയിട്ടുണ്ട്. പഠനത്തോടൊപ്പം കുട്ടികൾക്ക് സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി തയ്യൽ പരിശീലനവും വിദ്യാലയത്തോട് ചേർന്ന് നടത്തുന്നുണ്ട്. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമാണ് തയ്യൽ പരിശീലനം നൽകുന്നത്. പരിശീലനം ലഭിച്ച രക്ഷിതാക്കളാണ് ഈ വർഷത്തെ വിദ്യാർത്ഥികളുടെ യൂണിഫോം തയ്യാറാക്കിയത് എന്നത് പദ്ധതിയുടെ വിജയമാണെന്ന് പ്രധാനാദ്ധ്യാപിക മിനികുമാരി പറഞ്ഞു. വിദ്യാലയത്തിൽ 30 സെന്റിൽ വിപുലമായ കൃഷിയിടവും മികവിന്റെ കേന്ദ്രം പദ്ധതിയുടെ ഭാഗമായി നടത്തുന്നുണ്ട്. വാഴ, തക്കാളി, പച്ചമുളക്, വഴുതനങ്ങ, ചേന, ചേമ്പ് തുടങ്ങിയ പച്ചക്കറി കൃഷിയിലൂടെ സ്‌കൂൾ ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികൾ ശേഖരിക്കുന്നുണ്ട്. 1934ൽ ആരംഭിച്ച ഗവ. ബധിര വിദ്യാലയത്തിൽ പ്രീ സ്‌കൂൾ തലം മുതൽ പ്ലസ് ടു വരെ നിലവിൽ 53 കുട്ടികളാണ് പഠിക്കുന്നത്. മികവിന്റെ കേന്ദ്രം പദ്ധതിയുടെ ഉദ്ഘാടനം ജൂലായ് 22ന് അഡ്വ. കെ.പ്രേംകുമാർ എം.എൽ.എ നിർവഹിക്കും. ഒറ്റപ്പാലം നഗരസഭ ചെയർപേഴ്സൺ ജാനകി ദേവി അധ്യക്ഷയാകും.