പ്ലസ് വൺ : 1027 സീറ്റുകൾ കാലി
പത്തനംതിട്ട : ക്ളാസുകൾ തുടങ്ങിയെങ്കിലും ജില്ലയിൽ 1027 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞകിടക്കുകയാണ്. 14,702 സീറ്റുകളാണ് ജില്ലയിൽ ആകെയുള്ളത്. മറ്റ് ജില്ലകളിൽ നിന്നടക്കം വിദ്യാർത്ഥികൾ എത്തിയിട്ട് പോലും സയൻസ് ഉൾപ്പടെയുള്ള സീറ്റുകളിൽ ഒഴിവുണ്ട്. 9871 പേർ ആണ് ജില്ലയിൽ ഇത്തവണ പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ മാസം പതിനെട്ടിനാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചത്. ഇത്തവണ ആദ്യം തന്നെ സി.ബി.എസ്.ഇ , ഐ.സി.എസ്.ഇ പരീക്ഷാ ഫലം വന്നതിനാൽ നേരത്തെ തന്നെ കുട്ടികൾ പ്രവേശനം നേടി. മുൻ വർഷങ്ങളിൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പത്താംക്ലാസ് വിജയിച്ചവരിൽ പലരും സീറ്റ് ലഭിക്കാനായി അധിക തുക നൽകി ഒടുവിൽ മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശനം നേടേണ്ടി വരുമായിരുന്നു. ഇത്തവണ ആ സ്ഥിതി മാറി. എസ്.എസ്.എൽ.സിക്ക് ശേഷം പോളിടെക്‌നിക്ക്, ഐ.ടി.ഐ പോലുള്ള കോഴ്‌സുകളിലേക്ക് ചേക്കേറുന്നവരും നിരവധിയാണ്. പഠനത്തിനായി മറ്റ് സ്ഥലങ്ങൾ കണ്ടെത്തുന്നവരുമുണ്ട്.
കൂടുതൽ ഒഴിവ് ഹ്യൂമാനിറ്റീസിന്
ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഹ്യൂമാനിറ്റീസിന് ആണ്. ആകെ 2300 സീറ്റുകളാണ് ഹ്യൂമാനിറ്റീസിന് ജില്ലയിലുള്ളത്. അതിൽ തന്നെ 370 ഒഴിവുകൾ. എഴായിരത്തിലധികം സീറ്റുകൾ സയൻസിനുണ്ട്. 354 ഒഴിവുകളാണ് സയൻസിനുള്ളത്. കൊമേഴ്സിൽ നാലായിരത്തോടടുത്ത് സീറ്റുകൾ ഉണ്ട്. 303 ഒഴിവാണ് കൊമേഴ്സിലുള്ളത്.
# സീറ്റുകൾ
സയൻസ്
ഒഴിവ് : 354
കൊമേഴ്‌സ്
ഒഴിവ് : 303
ഹ്യൂമാനിറ്റീസ്
ഒഴിവ് : 370