ചിത്രകലയുടെ വിസ്മയം തുറന്ന് ആർട്ട് ഗാലറി

Friday 11 July 2025 12:18 AM IST
പത്തനംതിട്ടയിലെ ക്ളിന്റ് ആർട്ട് ഗ്യാലറി

പത്തനംതിട്ട : പുതിയൊരു ചിത്രകലാ സംസ്കാരത്തിന് തുടക്കമിട്ട് ജില്ലാ ആസ്ഥാനത്ത് ആർട്ട് ഗ്യാലറി തുറന്നു. എട്ട് ചിത്രകാരൻമാരുടെ കൂട്ടായ്മയായ ക്ളിന്റ് ആർട്ട് ഗ്യാലറി ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയാണ് പത്തനംതി​ട്ടയ്ക്ക് ചി​ത്രങ്ങളുടെ വി​രുന്നൊരുക്കുന്നത്. പഴയ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് കെ.എസ്.ആർ.ടി.സി റോഡിലേക്കുള്ള ഭാഗത്താണ് ആർട്ട് ഗ്യാലറി. ഇക്കഴിഞ്ഞ അഞ്ചിന് തുറന്ന ഗ്യാലറിയിൽ സന്ദർശകരും എത്തുന്നുണ്ട്. നാൽപ്പതോളം പെയിന്റിംഗുകളാണ് പ്രദർശനത്തിനുള്ളത്. അക്രിലിക്, മ്യൂറൽ, അബ്സ്ട്രാക്ട്, കണ്ടെമ്പററി വിഭാഗത്തിലുള്ളതാണ് ഇവ.

ട്രസ്റ്റ് അംഗങ്ങളായ പ്രേംദാസ് പത്തനംതിട്ട, ഷീല വടശേരിക്കര, ഷേർളി സൂസൻ തോമസ്, മാത്യു ഏബ്രഹാം, റോയ് ഡാനിയേൽ, എ.വി.ജോസഫ്, സുനിൽ ഇറവങ്കര, എം.എസ് കലാവേദി എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ജില്ലയിലെ ചിത്രകല ആർട്ടിസ്റ്റുകളെയും അവരുടെ രചനകളെയും പരിചയപ്പെടുത്തുന്നതിനാണ് ആർട്ട് ഗ്യാലറി തുറന്നതെന്ന് പ്രേംദാസ് പത്തനംതിട്ട പറഞ്ഞു. ആറായിരം ചതുരശ്ര അടിയിലുള്ള ഹാളിൽ ആധുനിക ലൈറ്റ് സംവിധാനങ്ങളോടെയാണ് ഗ്യാലറി ഒരുക്കിയിരിക്കുന്നത്. ചിത്രകലാ രംഗത്തുള്ള എല്ലാവർക്കും അവരുടെ രചനകൾ ആർട്ട് ഗ്യാലറിയിൽ പ്രദർശിപ്പിക്കുന്നതിന് അവസരം നൽകും. കുട്ടികളായ കലാകാരൻമാരെ ആകർഷിക്കാൻ സ്കൂൾ തലത്തിൽ ചിത്രരചനാ മത്സരങ്ങൾ നടത്തുമെന്ന് പ്രേംദാസ് പത്തനംതിട്ട പറഞ്ഞു. മറ്റ് ജില്ലകളിൽ സർക്കാർ, സ്വകാര്യ സംരംഭങ്ങളായി ആർട്ട് ഗ്യാലറിയിലുണ്ട്. പത്തനംതിട്ടയിൽ ആദ്യത്തേതാണ് ക്ളിന്റ് ആർട്ട് ഗ്യാലറി. രാവിലെ പത്ത് മുതൽ വൈകിട്ട് ആറ് വരെയാണ് പ്രദർശനം. ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിന്റെ ഭിത്തിയിൽ ചിത്രങ്ങൾ വരച്ചത് ക്ളിന്റിന് കീഴിലുള്ള വരക്കൂട്ടം കലാകാരൻമാരാണ്.