ലഹരി സ്റ്റാമ്പുകളുമായി ലക്ഷദ്വീപ് സ്വദേശിനിയും യുവാവും അറസ്റ്റിൽ

Thursday 10 July 2025 10:25 PM IST
ഫരീദ

കൊച്ചി: ഓൺലൈൻ വഴി മയക്കുമരുന്ന് വിതരണം ചെയ്യുന്ന കാൾ സെന്റർ ജീവനക്കാർ എറണാകുളം സൗത്തിലെ ലോഡ്ജിൽ നിന്ന് അറസ്റ്റിലായി. ലക്ഷദ്വീപ് മിനിക്കോയി ഔബു കറുഗോത്തി വീട്ടിൽ ഫരീദ (27), മൂവാറ്റുപുഴ ആവോലി വാഴക്കുളം വരിക്കാനിക്കൽ വീട്ടിൽ ശിവജിത്ത് ശിവദാസൻ (25) എന്നിവരാണ് എക്സൈസ് സ്പെഷ്യൽസ്ക്വാഡിന്റെ പിടിയിലായത്. ഇവർ തങ്ങിയ പള്ളിമുക്കിലെ ലോഡ്ജ്മുറിയിൽ നിന്ന് 30 എൽ.എസ്.ഡി സ്റ്റാംപുകളും 3.74ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു.

എറണാകുളം, കാക്കനാട് മേഖലകളിലെ റിസോർട്ടുകളിലും അപ്പാർട്ട്മെന്റുകളിലും തങ്ങി യുവാക്കൾ, വിദ്യാർത്ഥികൾ, സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് വിതരണം. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട കാൾസെന്ററുകളിലാണ് ഇരുവരും പ്രവർത്തിക്കുന്നത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സി.ഐ പി. ശ്രീരാജ്, ഇൻസ്പെക്ടർ പ്രമോദ്, പി.ഒ സുരേഷ്‌കുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.