രാസലഹരി: വനിതാ യൂ ട്യൂബർ സിനിമാ മേഖലയിൽ വിളയാടി
കൊച്ചി: കാക്കനാട് എം.ഡി.എം.എയുമായി അറസ്റ്റിലായ വനിതാ യൂട്യൂബർക്ക് സിനിമാ മേഖലയിലും വിപുലമായ ലഹരി ഇടപാടുകളുണ്ടെന്ന് പൊലീസ് കണ്ടെത്തി. കോഴിക്കോട് ഫറോക്ക് മാടാനയിൽ വീട്ടിൽ റിൻസി മുംതാസ് (32), കല്ലായി കണ്ണഞ്ചേരി കണ്ണംവാലിപ്പറമ്പ് കിര്യാൻ വീട്ടിൽ യാസർ അറാഫത്ത് (34) എന്നിവരാണ് കഴിഞ്ഞ ദിവസം സിറ്റി ഡാൻസാഫിന്റെ പിടിയിലായത്. മൂന്ന് മാസമായി ഇവർ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
സിനിമാ രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ റിൻസിയിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണ്, അന്വേഷണം ഇവരിലേക്കും നീളും.
പ്രമോഷൻ ബന്ധങ്ങളിലൂടെ ലഹരി ഇടപാട്
സിനിമയുടെ പ്രമോഷൻ ജോലികളിലൂടെ ഉണ്ടാക്കിയ ബന്ധങ്ങൾ ഉപയോഗിച്ചാണ് ലഹരി ഇടപാടുകൾ നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. യാസർ അറാഫത്തിനും ഇടപാടുകളിൽ സജീവ പങ്കുണ്ടെന്നാണ് വിവരം. സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട യൂട്യൂബുകൾക്ക് പുറമെ, ക്രിയേറ്റീവ് മാർക്കറ്റിംഗ് ഹെഡ്, ഡിജിറ്റൽ പി.ആർ.ഒ. നിലകളിലും റിൻസി മുംതാസ് പ്രവർത്തിക്കുന്നുണ്ട്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
ഫ്ലാറ്റിൽ ആൾത്തിരക്ക്
10 മാസം മുമ്പാണ് റിൻസിയുടെ പേരിൽ കാക്കനാട് പാലച്ചുവട്ടിലെ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് ഇരുവരും താമസം തുടങ്ങിയതെന്ന് നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് എ.സി.പി കെ.എ. അബ്ദുൽസലാം പറഞ്ഞു. ഫ്‌ളാറ്റിലെ സന്ദർശകരുടെ ബാഹുല്യത്തെ തുടർന്ന് മയക്കുമരുന്ന് ഇടപാടാണെന്ന് പൊലീസിന് സംശയം തോന്നിയിരുന്നെങ്കിലും, വ്യക്തമായ തെളിവുകൾ ലഭിച്ചിരുന്നില്ല. ബുധനാഴ്ച രാത്രി നടത്തിയ പരിശോധനയിൽ സിപ്പ്-ലോക്ക് കവറുകളിൽ നിറച്ച നിലയിൽ വിതരണത്തിന് സൂക്ഷിച്ച 20.55 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു.
റിൻസിക്കും സുഹൃത്തിനും എം.ഡി.എം.എ എത്തിച്ചു നൽകുന്ന കോഴിക്കോട് സ്വദേശിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. അതേസമയം, റിൻസി തന്റെ പേഴ്‌സണൽ അസിസ്റ്റന്റാണെന്ന തരത്തിൽ പരക്കുന്ന വാർത്തകൾ ശരിയല്ലെന്ന് പ്രമുഖ നടൻ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.