അടിയന്തരാവസ്ഥ ഭയാനകം : ഇന്ദിരയ്ക്കും സഞ്ജയ്ഗാന്ധിക്കും തരൂരിന്റെ മാരക പ്രഹരം
#കോൺഗ്രസിനെ വീണ്ടും
വെട്ടിലാക്കി ലേഖനം
തിരുവനന്തപുരം: അടിയന്തരാവസ്ഥയെ വിമർശിച്ചും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും അധികാരം കൈയാളിയ മകൻ സഞ്ജയ്ഗാന്ധിയുടെയും ക്രൂരതകൾ തുറന്നുകാട്ടിയും പാർട്ടി പ്രവർത്തക സമിതി അംഗംകൂടിയായ ശശി തരൂർ എം.പി എഴുതിയ ലേഖനം കോൺഗ്രസിന് പുതിയ തലവേദനയായി.
മുഖ്യമന്ത്രി പദവിയിലേക്ക് കൂടുതൽ ജനപിന്തുണ തനിക്കെന്ന സർവേ റിപ്പോർട്ട് സ്വയം പുറത്തുവിട്ട് വിവാദം സൃഷ്ടിച്ചതിന് പിന്നാലെയാണിത്. പ്രോജക്ട് സിൻഡിക്കേറ്റ് എന്ന ഏജൻസിവഴിയാണ് മാദ്ധ്യമങ്ങളിൽ തരൂരിന്റെ ലേഖനം പ്രത്യക്ഷപ്പെട്ടത്. സംസ്ഥാനത്തെ പ്രധാന നേതാക്കൾ തരൂരിനെതിരെപ്രതികരണവുമായി രംഗത്ത് വന്നതോടെ പുതിയൊരു പോർമുഖമാണ് തുറന്നത്.
അടിയന്തരാവസ്ഥ കാലത്ത് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാപരമായ വാഗ്ദാനങ്ങളുടെ സത്ത കടുത്ത പരീക്ഷണത്തിലായെന്ന് ലേഖനത്തിൽ പറയുന്നു. ഭരണഘടനാപരമായ അതിക്രമങ്ങൾ മനുഷ്യാവകാശ ലംഘനങ്ങളുടെ ഭയാനകമായ പട്ടികയ്ക്ക് വഴിയൊരുക്കി.തടങ്കലിലെ പീഡനങ്ങളും വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും ഭരണകൂടത്തെ ധിക്കരിക്കാൻ ധൈര്യം കാണിച്ചവർക്ക് ഇരുണ്ട യാഥാർത്ഥ്യങ്ങളായിരുന്നു. അക്കാലത്ത് ഇതൊന്നും പുറത്തറിഞ്ഞിരുന്നില്ല. അച്ചടക്കത്തിനും ക്രമത്തിനും വേണ്ടിയുള്ള നടപടികൾ പലപ്പോഴും പറഞ്ഞറിയിക്കാൻപറ്റാത്ത ക്രൂരതകളായി മാറി. സഞ്ജയ്ഗാന്ധി നയിച്ച നിർബന്ധിത വന്ധ്യംകരണ പരിപാടികൾ അതിന് ഉദാഹരണമാണ്. ന്യൂഡൽഹി പോലുളള നഗര കേന്ദ്രങ്ങളിൽ ചേരികൾ നിഷ്കരുണം ഇടിച്ചുനിരത്തി ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കി. അവരുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിച്ചതേയില്ല.
അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അദ്ധ്യായമായി മാത്രം ഓർക്കാതെ അതിന്റെ പാഠങ്ങൾ ഉൾക്കൊള്ളണമെന്ന് ഓർമിപ്പിച്ചു കൊണ്ടാണ് ലേഖനം അവസാനിപ്പിക്കുന്നത്.
മുഖ്യമന്ത്രി പദവി: സർവേ
തള്ളി കേരള നേതാക്കൾ
#മുഖ്യമന്ത്രിയാകാൻ കൂടുതൽ യോഗ്യത ശശി തരൂരിനെന്ന സർവ്വേയ്ക്ക് വിശ്വാസ്യത ഇല്ലെന്നും ആരുടെയോ താത്പര്യത്തിന് തയ്യാറാക്കിയ സർവെയാണെന്നും രമേശ് ചെന്നിത്തല .
# തരൂർ പ്രവർത്തക സമിതി അംഗമാണെന്നും അദ്ദേഹത്തിന്റെ കാര്യത്തിൽ അഭിപ്രായം പറയേണ്ടത് ദേശീയ നേതൃത്വമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അദ്ദേഹത്തിന്റെ ലേഖനത്തെക്കുറിച്ച് അഭിപ്രായമുണ്ട്. അത് പാർട്ടിയിലേ പറയുകയുള്ളൂ
# താൻ ഏതു പാർട്ടിയിലാണെന്ന് തരൂർ ആദ്യം തീരുമാനിക്കട്ടെയെന്ന് കെ.മുരളീധരൻ. വിശ്വം വിശ്വത്തിന്റെ കാര്യം നോക്കട്ടെ, നമുക്ക് കേരളം മതി. പാർട്ടിയിൽ വിറക് വെട്ടിയവരും വെള്ളംകോരിയവരും ഏറെയുണ്ട് മുഖ്യമന്ത്രി കസേരയിലേക്ക്. അവരിൽ ഒരാൾ മുഖ്യമന്ത്രിയാവും.
# മുതിർന്ന നേതാക്കൾ സ്വയം നിയന്ത്രിക്കണമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. സർവെ പലയാളുകൾ പല തരത്തിൽ നടത്തുന്നുണ്ട്. ചിലർ അതിനായി മനപൂർവം ശ്രമങ്ങൾ നടത്തുന്നുണ്ട്. തരൂർ പറയുന്നതൊന്നും സംസ്ഥാന കോൺഗ്രസിൽ ഒരു പ്രശ്നവും ഉണ്ടാക്കില്ല.
# മുഖ്യമന്ത്രിയാവാൻ യോഗ്യനാണെന്ന് സ്വയം പറയുന്നത് ജനങ്ങളിൽ അവിശ്വാസ്യതയുണ്ടാക്കുമെന്ന് എം.എം.ഹസ്സൻ. തരൂർ പ്രധാനമന്ത്രിയാവാനും യോഗ്യനാണ്. പക്ഷെ സർവെ ഫലം സ്വയം പറഞ്ഞാൽ മതിയോ?.