മലയാളി യുവതിയും മകളും ഷാർജയിൽ മരിച്ച നിലയിൽ

Friday 11 July 2025 12:00 AM IST

കൊല്ലം: കൊല്ലം സ്വദേശിനിയായ യുവതിയെയും ഒന്നരവയസുള്ള മകളെയും ഷാർജയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം നാൽക്കവല സ്വദേശി നിതീഷിന്റെ ഭാര്യ കൊല്ലം കൊറ്റങ്കര ചന്ദനത്തോപ്പ് രജിത ഭവനിൽ മണിയന്റെയും ഷൈലജയുടെയും ഏകമകൾ വിപഞ്ചികയും (32) ഒന്നേകാൽ വയസുള്ള മകൾ വൈഭവിയുമാണ് മരിച്ചത്.

രണ്ടുപേരും കഴുത്തിൽ കയർ കുരുങ്ങിയാണ് മരിച്ചതെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നും വിപഞ്ചികയുടെ ബന്ധുക്കൾ പറഞ്ഞു. ചൊവ്വാഴ്ച ഷാർജ സമയം രാത്രി പത്തോടെയാണ് ഇരുവരെയും ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്.ആർ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വിപഞ്ചികയും ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനിയറായ നിതീഷും കുറച്ചുകാലമായി പിണക്കത്തിലായിരുന്നു. ഇരുവരും വെവ്വേറെ സ്ഥലത്താണ് താമസിച്ചിരുന്നത്.

രാത്രി കൂട്ടുകിടക്കാനെത്തുന്ന ജോലിക്കാരി ചൊവ്വാഴ്ച രാത്രിയെത്തി ഏറെനേരം വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് നിതീഷിനെ ബന്ധപ്പെട്ടു. സ്ഥലത്തെത്തിയ നിതീഷും ജോലിക്കാരിയും ചേർന്ന് വാതിൽ പൊളിച്ചപ്പോഴാണ് മൃതദേഹം കണ്ടതെന്ന് പറയുന്നെങ്കിലും വിശ്വസനീയമല്ലെന്ന് വിപഞ്ചികയുടെ ബന്ധുക്കൾ പറഞ്ഞു.

തിങ്കളാഴ്ച വിപഞ്ചികയ്ക്ക് വിവാഹമോചന നോട്ടീസ് ലഭിച്ചിരുന്നു. വിവരമറിഞ്ഞ അമ്മ ഷൈലജ വിപഞ്ചികയെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു. ഷൈലജ ഏർപ്പെടുത്തിയ കുടുംബ സുഹൃത്തായ അഭിഭാഷകനും വിപഞ്ചികയുമായി ഫോണിൽ സംസാരിച്ചിരുന്നു. 2020ലാണ് വിപഞ്ചികയും നിതീഷും വിവാഹിതരായത്. ഏഴ് മാസം മുമ്പാണ് ഇരുവരും തമ്മിലുള്ള പ്രശ്നം രൂക്ഷമായത്. ഷാർജയിലെ അൽ ഖാസിമി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചു.

സ്ത്രീധന പീഡനമെന്ന് ശബ്ദസന്ദേശം

സ്ത്രീധന പീഡനം സംബന്ധിച്ച് വിപഞ്ചിക ബന്ധുവിന് അയച്ച ശബ്ദസന്ദേശം പുറത്തുവന്നു. ഭർത്തൃവീട്ടുകാർക്ക് ഇഷ്ടം പോലെ പണമുണ്ടായിട്ടും വീണ്ടും പണം വേണമെന്നും വീട്ടുകാർ കഷ്ടപ്പെട്ട് കെട്ടിച്ച് അയച്ച താൻ ചെന്നുപെട്ടത് ദുരിതത്തിലാണെന്നും വിപഞ്ചിക ശബ്ദസന്ദേശത്തിൽ പറയുന്നു. അയാളും സഹോദരിമാരും മാനസികമായി പീഡിപ്പിക്കുന്നു. വീട്ടുകാര്യങ്ങളെല്ലാം താനാണ് നോക്കുന്നതെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. വിപഞ്ചികയുടെ ആഭരണങ്ങളെല്ലാം ഭർത്തൃവീട്ടുകാർ കൈക്കലാക്കിയെന്നും രണ്ടു ദിവസം മുമ്പ് കുട്ടിയുടെ പാസ്പോർട്ട് അടക്കമുള്ള രേഖകൾ കൊണ്ടുപോയെന്നും വിപഞ്ചികയുടെ ബന്ധുക്കൾ പറയുന്നു.