അരുൺകുമാറിന്റെ നിയമനം പരിശോധിക്കണമെന്ന ഉത്തരവിന് സ്റ്റേ
കൊച്ചി: ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഇൻ ചാർജായുള്ള വി.എ. അരുൺകുമാറിന്റെ നിയമനം സ്വമേധയാ കേസെടുത്ത് പരിശോധിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പദവി വഹിക്കാൻ അരുൺ കുമാറിനുള്ള യോഗ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഉത്തരവാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഒരു മാസത്തേക്ക് സ്റ്റേ ചെയ്തത്. അരുൺകുമാർ നൽകിയ അപ്പീലിലാണ് നടപടി. തൃക്കാക്കര മോഡൽ എൻജിനീയറിംഗ് കോളേജ് മുൻ പ്രിൻസിപ്പലും കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡീനുമായ ഡോ. വിനു തോമസിന്റെ ഹർജിയിലായിരുന്നു ഉത്തരവ്.
സുകാന്തിന് ജാമ്യം
കൊച്ചി: തിരുവനന്തപുരത്തെ ഐ.ബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ സഹപ്രവർത്തകൻ സുകാന്ത് സുരേഷിന് ജാമ്യം. അന്വേഷണത്തിന്റെ പ്രധാന ഘട്ടം പൂർത്തിയായ സാഹചര്യത്തിൽ പ്രതിയെ ഇനിയും ജുഡിഷ്യൽ കസ്റ്റഡിയിൽ വയ്ക്കേണ്ടതില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത് തുടങ്ങിയ കർശന വ്യവസ്ഥകളോടെയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ജാമ്യം അനുവദിച്ചത്. ഹർജിക്കാരൻ 44 ദിവസമായി കസ്റ്റഡിയിലാണെന്നതും കണക്കിലെടുത്തു.
മഞ്ഞുമ്മൽ ബോയ്സ് കേസ് ഒരാഴ്ചയ്ക്ക് ശേഷം പരിഗണിക്കും
ന്യൂഡൽഹി : മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പുകേസിൽ നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ അടക്കം മൂന്നു പ്രതികളുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഒരാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ സുപ്രീംകോടതി മാറ്റി. അഭിഭാഷകരുടെ അസൗകര്യം കണക്കിലെടുത്താണിത്. തട്ടിപ്പിനിരയായെന്ന് പരാതിയുള്ള സിറാജ് വലിയതുറ ഹമീദാണ് കേരള ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. സൗബിന് പുറമെ സഹനിർമ്മാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്.