മിൽമ ഉത്പന്നങ്ങളുമായി 'മിലി കാർട്ട്' വരുന്നു
കോഴിക്കോട്: മിൽമയുടെ ഉത്പന്നങ്ങളുമായി മിലി കാർട്ട് ഇനി ഉപഭോക്താക്കളുടെ അടുത്തെത്തും. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമോബൈൽസ് മിൽമയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഫ്രീസർ ഉൾപ്പെടുന്ന മിൽമ മിലി കാർട്ട് ഇലക്ട്രിക് വാഹനം. ബീച്ചുകൾ, ഇതര വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പ്രധാന കവലകൾ എന്നിവിടങ്ങളിൽ മിൽമ ഐസ്‌ക്രീം ലഭ്യമാക്കാനാണ് ലക്ഷ്യം. മറ്റ് മിൽമ ഉത്പന്നങ്ങളും അടുത്ത ഘട്ടത്തിൽ ലഭ്യമാക്കും.
മലബാറിലെ അഞ്ച് ജില്ലകളിലായി 10 മിൽമ മിലി കാർട്ടുകളുടെ ഫ്ളാഗ് ഓഫും താക്കോൽദാനവും മിൽമ ചെയർമാൻ കെ.എസ്. മണി നിർവഹിച്ചു. മൂന്നു മേഖലാ യൂണിയനുകൾക്കായി 30 മിലി കാർട്ടുകളാണ് റോഡിലിറക്കിയത്. 70 മിലി കാർട്ടുകൾ കൂടി വിപണിയിലിറക്കും. കേരളത്തിലെ ഓരോ ഗ്രാമ പഞ്ചായത്തിലും ഓരോ മിലി കാർട്ടാണ് ലക്ഷ്യം.
മലബാർ മിൽമ മാനേജിംഗ് ഡയറക്ടർ കെ.സി. ജെയിംസ്, കോഴിക്കോട് ഡെയറി സീനിയർ മാനേജർ ആർ.എസ്. വിനോദ് കുമാർ, മാർക്കറ്റിംഗ് മാനേജർ പി.ആർ. സന്തോഷ്, കോഴിക്കോട് ഡെയറി മാർക്കറ്റിംഗ് ഓർഗനൈസർ ശരത്ചന്ദ്രൻ എന്നിവർ പങ്കെടുത്തു.