കേരളാ ഫീഡ്സിൽ പെൻഷൻ പ്രായം 60

Friday 11 July 2025 12:53 AM IST

തിരുവനന്തപുരം:പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സ് ലിമിറ്റഡിലെ ജീവനക്കാരുടെ പെൻഷൻ പ്രായം 60ആക്കി ഉയർത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഇ.പി.എഫ് പെൻഷൻ പരിധിയിൽ വരുന്നതാണ് കേരള ഫീഡ്‌സ്.പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന് നാഷണൽ സഫായി കർമചാരീസ് ഫിനാൻസ് ആൻഡ് ഡവലപ്മെന്റ് കോർപ്പറേഷനിൽ നിന്നു വായ്പ എടുക്കുന്നതിന് 5 വർഷത്തേക്ക് 50 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടി വ്യവസ്ഥകൾക്ക് വിധേയമായി അനുവദിക്കും.സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിനുള്ള സർക്കാർ ഗ്യാരന്റി 14,000 കോടി രൂപയായി ഉയർത്തും.അന്തരിച്ച സാക്ഷരത പ്രവർത്തക കെ.വി.റാബിയയുടെ ചികിത്സയ്ക്ക് ചെലവായ 2,86,293 രൂപ സഹോദരി ആരിഫയുടെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കും.പബ്ലിക്ക് സർവീസ് കമ്മിഷൻ ആക്ടിന്റെ പരിധിയിൽ ഉൾപ്പെട്ടിരുന്ന കൊച്ചിയിലെ നിയമസർവകലാശാലയെ ആക്ടിന്റെ പരിധിയിൽ നിന്നു ഒഴിവാക്കുന്നതിനുള്ള ഭേദഗതി ഓർഡിനൻസിന്റെ കരട് മന്ത്രിസഭായോഗം അംഗീകരിച്ചു.