സ്കൂളിൽ ഭക്ഷ്യധാന്യം ദുരുപയോഗം: വിജി. അന്വേഷിക്കും
Friday 11 July 2025 12:54 AM IST
തിരുവനന്തപുരം: വർക്കല ഗവ.മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലും പ്ലാവൂർ ഗവ. ഹൈസ്‌കൂളിലും പണിമുടക്ക് ദിവസം അദ്ധ്യാപകർ കുട്ടികൾക്കുള്ള ഭക്ഷ്യസാധനങ്ങൾ ദുരുപയോഗം ചെയ്ത സംഭവം വിദ്യാഭ്യാസവകുപ്പിന്റെ വിജിലൻസ് വിഭാഗം അന്വേഷിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഒരുകൂട്ടം അദ്ധ്യാപകരാണ് പണിമുടക്ക് ദിനത്തിൽ ജോലിക്കെന്ന വ്യാജേന എത്തിയതെന്നാണ് വിവരം. വർക്കല സ്കൂളിൽ ഇരുപതോളം അദ്ധ്യാപകർ കപ്പയും മീൻകറിയും പായസവും ഉണ്ടാക്കി. കപ്പ, ചമ്മന്തി, സുലൈമാനി, സ്‌പെഷ്യൽ മത്തി വറുത്തത്, നെത്തോലി പീര എന്നെഴുതിയ മെനു നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചതായും പരാതിയുണ്ട്. പ്ലാവൂർ സ്‌കൂളിന്റെ ഇരുഗേറ്റുകളും അകത്തുനിന്ന് പൂട്ടിയശേഷം ഇലയടയും കട്ടൻചായയും ഉണ്ടാക്കിയെന്നാണ് പരാതി.