വഴിയോര കച്ചവടം... പുനരധിവാസത്തിന് ടൗണിൽ 17 ഇടങ്ങൾ
കൊല്ലം: നഗരത്തിലെ വഴിയോര കച്ചവടക്കാരെ ആദ്യഘട്ടത്തിൽ പുനരധിവസിപ്പിക്കാനുള്ള 17 സ്ട്രീറ്റ് വെൻഡിംഗ് സോണുകൾക്ക് കോർപ്പറേഷൻ കൗൺസിൽ യോഗം അംഗീകാരം നൽകി. കച്ചവടക്കാരെ ഒഴിപ്പിക്കുന്ന എട്ട് പാതയോരങ്ങളുടെ പട്ടികയും അംഗീകരിച്ചു. നിരോധിച്ച പ്രദേശങ്ങളിലുള്ള കച്ചവടക്കാരെ സ്ട്രീറ്റ് വെൻഡിംഗ് സോണുകളിലേക്ക് ഘട്ടംഘട്ടമായി മാറ്റും.
നഗരത്തിൽ വർഷങ്ങളായി വഴിയോര കച്ചവടം നടത്തുന്നവരെ കണ്ടെത്താൻ കോർപ്പറേഷൻ നേരത്തെ നഗര ഉപജീവന മിഷന്റെ സഹായത്തോടെ സർവേ നടത്തി തയ്യാറാക്കിയ പട്ടികയിലെ പരാതികൾ പരിഹരിച്ച് ഏകദേശം ആയിരത്തോളം പേരെ ഉൾപ്പെടുത്തി പുതിയ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഈ പട്ടികയിൽ ഉൾപ്പെട്ടവർക്കാകും സ്ട്രീറ്റ് വെൻഡിംഗ് സോണുകളിൽ ബങ്കുകൾ അനുവദിക്കുക. ആദ്യഘട്ട പുനരധിവാസത്തിന് ശേഷം കൂടുതൽ വെൻഡിംഗ് സോണുകൾ കണ്ടെത്തുന്നതിനൊപ്പം അനധികൃത വഴിയോര കച്ചവടം നിരോധിക്കുകയും ചെയ്യും.
സ്ട്രീറ്റ് വെൻഡിംഗ് സോണുകളിൽ ഒരേ വലിപ്പത്തിലും രൂപത്തിലുമുള്ള ബങ്കുകൾ കോർപ്പറേഷൻ നിർമ്മിച്ചുനൽകും. ബങ്കുകൾക്ക് ഉടമകൾ നിശ്ചിത തുക മാസ വാടകയായി നൽകണം. ഇതിന് പുറമേ ലൈസൻസും ഏർപ്പെടുത്തും. കൈമാറാതിരിക്കാൻ പട്ടികയിൽ ഉൾപ്പെട്ടവർക്ക് തിരിച്ചറിയൽ കാർഡ് നൽകും.
സ്ട്രീറ്റ് വെൻഡിംഗ് സോണുകൾ
1. വാട്ടർ അതോറിട്ടിക്ക് മുൻവശം 2. ക്യു.എ.സി റോഡിന്റെ ഒരുവശം 3. റെയിൽവേ സ്റ്റേഷൻ മുതൽ ചെമ്മാംമുക്ക് വരെയുള്ള റോഡിന്റെ ഒരുവശം 4. പോളയത്തോട് തുമ്പൂർമുഴിക്ക് സമീപം 5. ഡി.സി.സി ഓഫീസിന് എതിർവശം മുതൽ ബീച്ച് റോഡ് വരെ 6. കർബല എസ്.എൻ കോളേജ് റോഡ് 7. കെ.എസ്.ആർ.ടി.സി ലിങ്ക് റോഡ്- മുനീശ്വരം കോവിൽ 8. ലിങ്ക് റോഡിന് സമീപത്തെ മാർക്കറ്റ് 9. ചിന്നക്കട ക്ലോക്ക് ടവറിന് സമീപം 10. ആണ്ടാമുക്കം ബസ് സ്റ്റാൻഡിന് എതിർവശം 11. ബീച്ചിലെ മറൈൻ അക്വേറിയത്തിന് എതിർവശം 12. തങ്കശ്ശേരി, വാടി പാർക്കിംഗ് ഗ്രൗണ്ട് 13. കൊട്ടാരക്കുളത്തിന് സമീപം, 14. പോളയത്തോട് ശ്മശാനത്തിന്റെ എതിർവശം 15. കോളേജ് ജംഗ്ഷനിലെ ക്ഷേത്രത്തിന് സമീപം 16. തുമ്പറ മാർക്കറ്റിന് സമീപം 17. പുകയില പണ്ടകശാല റോഡ്.
വഴിയോര കച്ചവടം നിരോധിച്ച സ്ഥലങ്ങൾ
1. സെന്റ് ജോസഫ് കോൺവെന്റ് മുതൽ ജില്ലാ ആശുപത്രി, വിക്ടോറിയ ആശുപത്രി പരിസരങ്ങളിലെ റോഡുകൾ 2. ചിന്നക്കട പോസ്റ്റ് ഓഫീസ് മുതൽ ശക്തികുളങ്ങര വരെ 3. നഗരപരിധിയിലെ എല്ലാ നടപ്പാതകളും 4. കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരം 5. ചിന്നക്കട മുതൽ കരിക്കോട് വരെ 6. ചിന്നക്കട- മേവറം റോഡ്, കോർപ്പറേഷൻ പരിധിയിലെ ദേശീയപാതകൾ