സെഞ്ച്വറിക്കരികെ ജോ റൂട്ട്; ലോര്‍ഡ്‌സില്‍ ബാസ്‌ബോളിന് തടയിട്ട് ഇന്ത്യ, ആദ്യദിനം ഒപ്പത്തിനൊപ്പം
ലോര്‍ഡ്‌സ്: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനായി ഇംഗ്ലണ്ട് പൊരുതുന്നു. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. സെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെ ജോ റൂട്ട് (99*), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (39*) എന്നിവരാണ് ക്രീസിലുള്ളത്. അതിവേഗ സ്‌കോറിംഗ് രീതിയായ ബാസ്‌ബോളിന്റെ വക്താക്കളായ ഇംഗ്ലണ്ടിനെ സ്‌കോറിംഗ് വേഗത ഉയര്‍ത്താന്‍ അനുവദിക്കാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ചുനിര്‍ത്തുന്ന കാഴ്ചയാണ് ആദ്യ ദിനം ലോര്‍ഡ്‌സില്‍ കാണാനായത്.
ടോസ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഓപ്പണര്‍മാരായ സാക് ക്രൗളി (18), ബെന്‍ ഡക്കറ്റ് (23) എന്നിവര്‍ക്ക് അധികനേരം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ടീം സ്‌കോര്‍ 43ല്‍ എത്തിയപ്പോള്‍ ഡക്കറ്റ് ആണ് ആദ്യം പുറത്തായത്. ഒരു റണ്‍സ് കൂടി ടീം സ്‌കോറില്‍ ചേര്‍ക്കപ്പെട്ടപ്പോള്‍ ക്രൗളിയും മടങ്ങി. നിധീഷ് കുമാര്‍ റെഡ്ഡിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് സമ്മാനിച്ചാണ് ഇരുവരും മടങ്ങിയത്. ഇതിനിടെ പരിക്കേറ്റ റിഷഭ് പന്ത് ഗ്രൗണ്ട് വിടുകയും ചെയ്തു. ധ്രുവ് ജൂരലാണ് പകരക്കാരനായി വിക്കറ്റ് കാക്കുന്നത്.
മൂന്നാം വിക്കറ്റില്‍ ഒലി പോപ്പിനെ (44) കൂട്ടുപിടിച്ച് ജോ റൂട്ട് ഇംഗ്ലീഷ് സ്‌കോറിംഗിനെ നയിച്ചു. ചായക്ക് ശേഷമുള്ള ആദ്യ പന്തില്‍ ജൂരലിന് ക്യാച്ച് നല്‍കി പോപ്പ് മടങ്ങിയപ്പോള്‍ സഖ്യം 106 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം കൈപ്പിടിയിലാക്കിയ ഹാരി ബ്രൂക്ക് ആണ് പോപ്പിന് പകരം ക്രീസിലെത്തിയത്. എന്നാല്‍ 11 റണ്‍സ് മാത്രം നേടിയ താരത്തെ ജസ്പ്രീത് ബുംറ ക്ലീന്‍ ബൗള്‍ ചെയ്തു. ഈ സമയത്ത് ഇംഗ്ലീഷ് സ്‌കോര്‍ 172ന് നാല്.
ആറാമനായി ക്രീസിലെത്തിയ ബെന്‍ സ്‌റ്റോക്‌സ് ജോ റൂട്ടുമൊത്ത് പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇതുവരെ 79 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി നിധീഷ് കുമാര്‍ റെഡ്ഡി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു. പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ വീതം വിജയിച്ച് (1-1) തുല്യത പാലിച്ച് നില്‍ക്കുകയാണ് ഇന്ത്യയും ഇംഗ്ലണ്ടും. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് ജയം ആഘോഷിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ 336 റണ്‍സിനാണ് ഇന്ത്യ ജയിച്ചുകയറിയത്.