തമിഴ്നാട് പ്രിമിയർ ലീഗിലെ വാതുവയ്പ്
അന്വേഷണത്തിലേക്ക് നയിച്ചത്
ചന്ദ്രശേഖറുടെ ആത്മഹത്യ
ചെന്നൈ : തമിഴ്നാട് പ്രിമിയർ ലീഗ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിനെ പിടിച്ചുകുലുക്കിയിരിക്കുന്ന വാതുവയ്പ്പ് വിവാദത്തിലേക്ക് പൊലീസിനെ കൊണ്ടെത്തിച്ചത് ലീഗിലെ ടീമുകളിൽ ഒന്നിന്റെ ഉടമയും മുൻ ഇന്ത്യൻ താരവുമായ വി.ബി. ചന്ദ്രശേഖറിന്റെ ആത്മഹത്യയാണ്.
ലീഗ് ടീമായിരുന്ന വി.ബി കാഞ്ചി വീരൻസിന്റെ ഉടമയായിരുന്ന ചന്ദ്രശേഖർ കഴിഞ്ഞമാസമാണ് മൈലാപ്പൂരിലെ സ്വവസതിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. 2008 ൽ ഐ.പി.എല്ലിന്റെ തുടക്കം മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഒാപ്പറേറ്റിംഗ് മാനേജരായിരുന്ന പരിചയസമ്പത്തുമായാണ് ചന്ദ്രശേഖർ ടി.എൻ.പി.എല്ലിൽ ടീം സ്വന്തമാക്കിയത്. എന്നാൽ ടീമിന് തുടർച്ചയായി തോൽവികൾ ഏൽക്കേണ്ടിവന്നത് ടീമിനെയും ചന്ദ്രശേഖറിനെയും സാമ്പത്തിക തകർച്ചയിലെത്തിച്ചു. ഇതേത്തുടർന്ന് കുറച്ചുനാളായി ചന്ദ്രശേഖർ മാനസിക വിഷമത്തിലായിരുന്നുവെന്ന് ഭാര്യ പൊലീസിന് മൊഴി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ചെന്നൈ പൊലീസ് തുടങ്ങിയ അന്വേഷണമാണ് വാതുവയ്പുകാരും ലീഗിലെ ഒരു ടീമും തമ്മിലുള്ള ബന്ധത്തിലേക്ക് വെളിച്ചം വീശിയത്. ചന്ദ്രശേഖരുടെ സുഹൃത്തുക്കളെയും ക്ളബ് ഭാരവാഹികളെയും കളിക്കാരെയുമൊക്കെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
ബുക്കികൾ വനിതാ ക്രിക്കറ്ററെയും
സമീപിച്ചു
വനിതാ ക്രിക്കറ്റിനെയും വാതുവയ്പ്പുകാർ ലക്ഷ്യമിടുന്നതായി ബി.സി.സി. ഐ ആന്റികറപ്ഷൻ യൂണിറ്റ് തലവൻ അജിത് സിംഗ് ഷെഖാവത്തിന്റെ വെളിപ്പെടുത്തൽ.
കഴിഞ്ഞ ഫെബ്രുവരിയിൽ രണ്ട് വാതുവയ്പ്പുകാർ ബാംഗ്ളൂരിൽവച്ച് ഇന്ത്യൻ വനിതാ താരത്തെ സമീപിച്ചത് സ്പോർട്സ് മാനേജരാകാമെന്ന വാഗ്‌ദാനവുമായെത്തിയ അവരെ താരം നിരുത്സാഹപ്പെടുത്തി. തുടർന്നാണ് ഇംഗ്ളണ്ടിനെതിരായ ഏകദിന പരമ്പരയിൽ സഹകരിക്കുകയാണെങ്കിൽ വൻ തുക നൽകാമെന്ന് ഒാഫർ ചെയ്ത്. എന്നാൽ ഇത് താരം ഉടനെ ബി.സി.സി.ഐ അധികൃതരെ അറിയിച്ചു. തുടർന്ന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തുകയും താരത്തിനെ സമീപിച്ച ആളെ താക്കീത് ചെയ്യുകയും ചെയ്തു.
ധോണിയേയോ വിരാട് കൊഹ്‌ലിയേയോ പോലുള്ള മികച്ച കളിക്കാർ വാതുവയ്പ്പുകാരുടെ വലയിൽ വീഴില്ല. അവരെ വാതുവയ്പ്പുകാർ ലക്ഷ്യമിടുകയുമില്ല. കളിക്കളത്തിൽ എങ്ങുമെത്താനാകാതെ പോകുന്നവരാണ് ഇത്തരക്കാരുടെ വലയിൽ വീഴുന്നത്.
അജിത് സിംഗ് ഷെഖാവത്ത്
ബി.സി.സി. ഐ ആന്റികറപ്ഷൻ
യൂണിറ്റ് തലവൻ