വമ്പന്മാർ വേട്ടയ്ക്കിറങ്ങുമ്പോൾ

Wednesday 18 September 2019 1:26 AM IST
cristiano uefa champions league

മാഡ്രിഡ് : യൂറോപ്യൻ ക്ളബ് ഫുട്ബാളിലെ വമ്പന്മാരുടെ നേർക്ക് നേർ പോരാട്ടത്തിന് ആദ്യ റൗണ്ടിൽ തന്നെ അരങ്ങൊരുങ്ങുകയാണ് യുവേഫ ചാമ്പ്യൻസ് ലീഗ്. കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന കൊമ്പൻ ക്ളബുകളുടെ സീസൺ ഒാപ്പണിംഗിന് എതിരാളികളായി കിട്ടിയിരിക്കുന്നതും കരുത്തരെത്തന്നെയാണെന്നത് ഇത്തവണത്തെ ലീഗ് ആദ്യം മുതലേ ആവേശത്തിലാക്കും.

ഇറ്റാലിയൻ ചാമ്പ്യൻക്ളബ് യുവന്റസ്, സ്പാനിഷ് കറുത്ത കുതിരകളായ അത്‌ലറ്റികോ മാഡ്രിഡ്, ജർമ്മൻ ചാമ്പ്യൻക്ളബ് ബയേൺ മ്യൂണിക്, ഇംഗ്ളീഷ് പ്രിമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി, ഫ്രഞ്ച് ചാമ്പ്യൻ ക്ളബ് പാരീസ് എസ്.ജി, സ്പാനിഷ് ചാമ്പ്യന്മാരും തുടർച്ചയായി ചാമ്പ്യൻസ് ലീഗ് ജേതാക്കളുമായിരുന്ന റയൽ മാഡ്രിഡ് തുടങ്ങിയ ക്ളബുകളാണ് ഇന്ന് ആദ്യറൗണ്ട് മത്സരങ്ങൾക്ക് ഇറങ്ങുന്നത്.

സൂപ്പർ താരങ്ങളായ ഹസാഡ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, ബെൻസേമ, ബെയ്ൽ, അഗ്യൂറോ തുടങ്ങിയവർ ഇന്ന് കളിക്കളത്തിലിറങ്ങുന്നുണ്ട്.

മറക്കാതെ കാണാൻ

മൂന്ന് മത്സരങ്ങൾ

യുവന്റസ് Vs അത്‌ലറ്റിക്കോ മാഡ്രിഡ്

. ചാമ്പ്യൻസ് ലീഗ് നേടാനായി കഴിഞ്ഞസീസൺ മുതൽ ക്രിസ്റ്റ്യാനോയെ ഒപ്പംകൂട്ടിയിരിക്കുകയാണ് യുവന്റസ്.

. കഴിഞ്ഞദിവസം സെരി എ മത്സരത്തിൽ ഫിയോറന്റീനയ്ക്കെതിരെ ഗോൾരഹിത സമനിലയിൽ പിരിഞ്ഞ നിരാശയിലാണ് യുവന്റസ്.

. ബ്രസീലിയൻ സ്ട്രൈക്കർ ഡഗ്ളസ് കോസ്റ്റ പരിക്കുമൂലം യുവന്റസ് നിരയിൽ ഇന്ന് കളിക്കാനുണ്ടായില്ല.

.സ്പാനിഷ് ലീഗിൽ നിരവധി അട്ടിമറികൾ നടത്തിയിട്ടുള്ളവരാണ് ഡീഗോ സിമയോണി പരിശീലിപ്പിക്കുന്ന അത്‌ലറ്റിക്കോ.

2. പാരീസ് എസ്.ജി Vs റയൽ മാഡ്രിഡ്

ബാഴ്സലോണയിലേക്ക് ചേക്കേറാൻ നോക്കിയിട്ട് നടക്കാതെ നെയ്മർ, പാരീസ് ടീമിലുണ്ടെങ്കിലും വിലക്കുമൂലം ഇന്ന് കളിക്കാനാവില്ല.

ക്രിസ്റ്റ്യാനോ പോയശേഷം ക്ളച്ച് പിടിച്ചിട്ടില്ലാത്ത റയൽ മാഡ്രിഡിനും കോച്ച് സിദാനും ഇൗ സീസൺ വളരെ നിർണായകമാണ്.

ചെൽസിയിൽ നിന്നെത്തിയ ഏദൻ ഹസാഡിന് ഇന്ന് റയൽ അവസരം നൽകും. കഴിഞ്ഞവാരം ലെവാന്റെയ്ക്കെതിരായ സ്പാനിഷ് ലാലിഗ മത്സരത്തിൽ ഹസാഡ് പകരക്കാരനായി കളിച്ചിരുന്നു.

3. മാഞ്ചസ്റ്റർ സിറ്റി Vs ഷാക്‌തർ ഡോണെസ്റ്റ്

ഇംഗ്ളീഷ് പ്രിമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി പുതിയ സീസണിൽ അത്ര മികച്ച പ്രകടനമല്ല കാഴ്ചവയ്ക്കുന്നത്.

കഴിഞ്ഞദിവസം പ്രിമിയർ ലീഗിൽ നോർവിച്ച് സിറ്റിയോട് 2-3ന് മാഞ്ചസ്റ്റർ തോറ്റിരുന്നു. കഴിഞ്ഞ അഞ്ച്മത്സരങ്ങളിൽ മൂന്ന് വിജയങ്ങൾമാത്രമാണ് സിറ്റിക്ക് നേടാൻ കഴിഞ്ഞത്.

ഉക്രേനിയൻ ക്ളബായ ഷാക്‌തർ ബ്രസീലിയൻ യുവതാരങ്ങളായ മാർക്കോസ് അന്റോണിയോ, ടെറ്റെ എന്നിവരുടെ കരുത്തിലാണ് ഇംഗ്ളീഷ് ചാമ്പ്യൻമാരെ നേരിടാനിറങ്ങുന്നത്.

മറ്റു മത്സരങ്ങൾ

ബയേർ ലെവർകൂസൻ Vs ലോക്കോ മോട്ടീവ് മോസ്കോ

ബയേൺ മ്യൂണിക് Vs ക്രെവ്ന സെസ്ദ

ഡൈനമോ സാഗ്രെബ് Vs അറ്റലാന്റ

ടോട്ടൻ ഹാം Vs ഒളിമ്പ്യാക്കോസ് പിറേയൂസ്

ക്ളബ് ബ്രൂഗെ Vs ഗലറ്റസറി

ടിവി ലൈവ്

ടോട്ടൻ ഹാം-വിറേയൂസ് മത്സരവും ഗലറ്റസറി ക്ളബ് ബ്രൂഗെ മത്സരവും രാത്രി 10.25 മുതൽ

മറ്റു മത്സരങ്ങൾ രാത്രി 12.30 മുതൽ സോണി ടെൻ 1, ടെൻ 2 ചാനലുകളിൽ

. ഇംഗ്ളീഷ് ക്ളബ് ലിവർപൂളാണ് നിലവിലെ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാർ

. അഞ്ചുതവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.

. ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള (126) താരവും ക്രിസ്റ്റ്യാനോ തന്നെ.