എൽ.എൻ.സി.പി.ഇ സന്ദർശിച്ച് കേന്ദ്രകായികസഹമന്ത്രി

Thursday 10 July 2025 11:58 PM IST

തിരുവനന്തപുരം : കാര്യവട്ടം സായ് എൽ.എൻ.സി.പി.ഇ സന്ദർശിച്ച കേന്ദ്ര കായികസഹമന്ത്രി രക്ഷാ നിഖിൽ ഖഡ്സെ ക്യാമ്പസിലെ പുതിയ മെഡിക്കൽ സെന്റർ കെട്ടിടം ഉദ്ഘാടനം ചെയ്തു. എസ്. ഗോപിനാഥ്,സജി തോമസ്,ഓമന കുമാരി എന്നിവരെയും ദേശീയ അന്തർദേശീയ തലങ്ങളിൽ മികവ് പുലർത്തിയ നാഷണൽ സെന്റർ ഒഫ് എക്സലൻസിലെ കായികതാരങ്ങളെയും മന്ത്രി ആദരിച്ചു. ജിസ്ന മാത്യു, ശുഭ വെങ്കിടേശൻ, രഞ്ജിത,നിത്യാ ഗന്ധേ, അഭിനയ രാജരാജൻ, സ്നേഹ എസ്.എസ്,റിൻസ് ജോസഫ്, മനു ടി.എസ്.,നിറൈമതി തുടങ്ങിയ അത്‌ലറ്റിക്സ് താരങ്ങളും ഏഷ്യൻ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ താരങ്ങളും വോളിബാൾ താരങ്ങളും പാരാ-തായ്ക്കൊണ്ടോയിൽ അന്താരാഷ്ട്ര മത്സരങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ട ലവ് ഗോച്ചറും ചടങ്ങിൽ ആദരിക്കപ്പെട്ടു. എൽ.എൻ.സി.പി.ഇ പ്രിൻസിപ്പാളും റീജിയണൽ ഡയറക്ടറുമായ ഡോ. ജി. കിഷോർ, സായ് ഡയറക്ടർമാരായ സി. ദണ്ഡപാണി,രവി എൻ. എസ് എന്നിവർ സംസാരിച്ചു.

തുടർന്ന് കായികതാരങ്ങളും പരിശീലകരുമായി സംവദിച്ച മന്ത്രി വൈകിട്ട് കവടിയാറിലെ ഗോൾഫ് അക്കാഡമിയും സന്ദർശിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് മന്ത്രി മടങ്ങിയത്.