നിതി ആയോഗ് സൂചിക: ആരോഗ്യക്ഷേമത്തിൽ കേരളം നാലാമത്
തിരുവനന്തപുരം : നിതി ആയോഗിന്റെ 2023-24ലെ ആരോഗ്യക്ഷേമ സൂചികയിൽ കേരളം നാലാം സ്ഥാനത്തെത്തി. മുൻവർഷം 12-ാം സ്ഥാനത്തായിരുന്നു. 2018 മുതൽ 2020 വരെ ഒന്നാം സ്ഥാനത്തായിരുന്നു. തുടർന്നാണ് 12ലേക്ക് താഴ്ന്നത്. ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്ര രണ്ടാമതും ഉത്തരാഖണ്ഡും ഹിമാചൽ പ്രദേശും മൂന്നാമതും എത്തി. കേരളത്തിനൊപ്പം കർണാടക നാലാം സ്ഥാനത്തുണ്ട്. നിതി ആയോഗ് റേറ്റിംഗിനായി കണക്കാക്കുന്ന 11 സൂചകങ്ങളിൽ അഞ്ചെണ്ണത്തിലും കേരളം ഒന്നാമത് എത്തിയെങ്കിലും രോഗ പ്രതിരോധം, വീടുകളിലെ പ്രസവം, അമിത ചികിത്സാ ചെലവ് എന്നിവയാണ് തിരിച്ചടിയായത്. 9 -11 മാസം പ്രായമുള്ള കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ്, ആശുപത്രികളിലെ പ്രസവം എന്നിവയിൽ കേരളം പിന്നോട്ടുപോയി.
മാതൃമരണ അനുപാതം, അഞ്ചുവയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക്, എച്ച്.ഐ.വി അണുബാധ, ആയുർദൈർഘ്യം, ആരോഗ്യ പ്രവർത്തകരുടെ സാന്ദ്രത എന്നീ അഞ്ച് വിഭാഗങ്ങളിലാണ് കേരളം ഒന്നാം സ്ഥാനം നിലനിർത്തിയത്.
സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയുടെ വളർച്ചയെ കുറിച്ച് വലിയ ചർച്ചകൾ പുരോഗമിക്കുന്നിതിനിടെയാണ് പുതിയ കണക്കുകൾ പുറത്തുവരുന്നത്. ചത്തീസ്ഗഢും മദ്ധ്യപ്രദേശുമാണ് അവസാന സ്ഥാനങ്ങളിൽ. കേന്ദ്രഭരണ പ്രദേശങ്ങളിൽ ഡൽഹി ഒന്നാം സ്ഥാനത്തും, ചണ്ഡീഗഢ് രണ്ടാം സ്ഥാനത്തും എത്തി.