വി.എസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Friday 11 July 2025 12:13 AM IST

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. വെന്റിലേറ്ററിലുള്ള അദ്ദേഹത്തിന് ഡയാലിസിസ് ഉൾപ്പെടെ നടക്കുന്നുണ്ട്. മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹൻദാസ് ഇന്നലെ പട്ടം എസ്.യു.ടി ആശുപത്രിയിലെത്തി വി.എസിന്റെ ആരോഗ്യനില വിലയിരുത്തി. നിലവിലെ ചികിത്സകളും മരുന്നുകളും തുടർന്നാൽ മതിയെന്നും മാറ്റങ്ങൾ വേണ്ടെന്നുമുള്ള നിർദ്ദേശമാണ് അദ്ദേഹം നൽകിയത്. അതേസമയം,​ അച്ഛന്റെ ആശുപത്രിവാസം തങ്ങളെ സംബന്ധിച്ച് വേദനാജനകമാണെന്ന് മകൻ വി.എ.അരുൺകുമാർ ഫേസ്ബുക്കിൽ കുറിച്ചു. ഓരോ ദിവസത്തെയും ആരോഗ്യസ്ഥിതി വിലയിരുത്തുമ്പോൾ പ്രതീക്ഷയുടെ ചില കിരണങ്ങൾ ലഭിക്കുന്നുണ്ടെന്നും പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും അരുൺകുമാർ കൂട്ടിച്ചേർത്തു.