കഞ്ചാവുമായി ഒഡീഷ ദമ്പതികൾ അറസ്റ്റിൽ

Friday 11 July 2025 12:22 AM IST

കൊച്ചി: ട്രെയിൻമാർ‌ഗം കടത്തിയ കഞ്ചാവുമായി എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ദമ്പതികൾ കസ്റ്റഡിയിലായി. റെയിൽവേ പൊലീസും ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒഡീഷ സ്വദേശികൾ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് ആറ് കിലോയോളം കഞ്ചാവ് കണ്ടെടുത്തു.

ഇന്നലെ വൈകിട്ട് നോർത്ത് സ്റ്റേഷനിലെത്തിയ ദിബ്രുഗ‌ഡ് എക്സ്പ്രസ്‌ ട്രെയിനിലാണ് ദമ്പതികൾ എത്തിയതെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. ട്രെയിൻ പോയ ശേഷം രണ്ടാംനമ്പർ പ്ലാറ്റ്ഫോമിൽ സംശയകരമായ സാഹചര്യത്തിൽ നിൽക്കുന്നത് കണ്ടാണ് പരിശോധിച്ചത്. കൈവശമുണ്ടായിരുന്ന ബാഗിലാണ്

കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കൊച്ചിയിലെ മൊത്തവിതരണക്കാർക്ക് നൽകാനാണ് കൊണ്ടുവന്നത്. ദമ്പതികൾ നൽകിയ മേൽവിലാസം ഉൾപ്പെടെ കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരുന്നു.

കഴിഞ്ഞമാസം 36 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികളായ രണ്ട് യുവതികളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ അന്വേഷണം തുടരുന്നതിനിടെയാണ് ദമ്പതികൾ പിടിയിലാകുന്നത്. പൊലീസിന്റെയും ആർ.പി.എഫിന്റെയും കണ്ണ്‌വെട്ടിക്കാൻ സ്ത്രീകളെയും ദമ്പതികളെയും ഉപയോഗിച്ച് ലഹരികടത്തുന്നതായി പൊലീസ് ഇന്റലിജൻസ് കണ്ടെത്തിയിരുന്നു.