കരിന്തോട്ടുവ സഹകരണ ബാങ്ക് നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി

Friday 11 July 2025 12:42 AM IST

കുന്നത്തൂർ : കരിന്തോട്ടുവ സർവീസ് സഹകരണ ബാങ്കിലെ അറ്റൻഡർ, പ്യൂൺ നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി. സ്വജനപക്ഷപാതം ഉൾപ്പെടെയുള്ള ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ജസ്റ്റിസ് എം.എ.സിയാദ് റഹ്മാൻ വിധി. ജോയിന്റ് രജിസ്ട്രാർ കോടതി നിർദ്ദേശങ്ങൾ പലതവണ അവഗണിച്ച സാഹചര്യത്തിലാണ് ഈ നടപടി.

ശാസ്താംകോട്ട സ്വദേശിനി എസ്.സ്മിത നൽകിയ ഹർജിയിലാണ് വിധി വന്നത്. 2019-ലെ നിയമനങ്ങളിൽ റാങ്ക് ലിസ്റ്റ് വരുന്നതിന് മുൻപ് തന്നെ ബാങ്ക് പ്രസിഡന്റിന്റെ മകനുൾപ്പെടെയുള്ളവരെ നിയമിക്കാൻ തീരുമാനിച്ചിരുന്നതായി ഹർജിക്കാരി ആരോപിച്ചിരുന്നു. പ്രസിഡന്റ് സനാതനൻ പിള്ള മകന്റെ നിയമനത്തിൽ സ്വാധീനം ചെലുത്തി, എഴുത്തുപരീക്ഷയ്ക്ക് പുറത്തുനിന്നുള്ള ഏജൻസിയെ ചുമതലപ്പെടുത്തി. മാനേജിംഗ് കമ്മിറ്റിയിലെ അഞ്ച് അംഗങ്ങളും ഈ ക്രമക്കേടുകൾക്കെതിരെ പരാതി നൽകിയിരുന്നു. ഹൈക്കോടതി നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും ജോയിന്റ് രജിസ്ട്രാർ പ്രസിഡന്റിന്റെ മകന്റെ നിയമനത്തിൽ മാത്രമായി അന്വേഷണം ഒതുക്കി. തുടർച്ചയായ കോടതി നിർദ്ദേശങ്ങൾ അവഗണിച്ച ജോയിന്റ് രജിസ്ട്രാറെ കോടതി രൂക്ഷമായി വിമർശിച്ചു. പ്രശ്നപരിഹാരത്തിന് മറ്റ് മാർഗങ്ങളില്ലാത്തതിനാൽ അപ്പീലിന് പോകാൻ നിർദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.