ലക്ഷ്മീദേവിമാരുടെ കണ്ണീർ ഇനി​യും വീഴാതി​രി​ക്കട്ടെ

Friday 11 July 2025 1:42 AM IST

ഹിന്ദു കുടുംബങ്ങളിലെ പെൺമക്കൾ ലക്ഷ്മീദേവിയുടെ പ്രതിരൂപങ്ങളാണെന്ന കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ.ഈശ്വരന്റെ വിധിയിലെ പരാമർശം മലയാളികളുടെ മനസുകളെ സ്പർശിച്ചു. സ്ത്രീധനത്തിന്റെയും, പൂർവിക സ്വത്ത് വീതംവയ്ക്കുന്നതിലെ അവഗണനകളുടെയും അതിക്രമങ്ങളുടെയും പേരിൽ എക്കാലവും അവഹേളിക്കപ്പെടുന്നവരാണ് സ്ത്രീകൾ. അവരുടെ ആത്മാഭിമാനവും അന്തസും ഉയർത്തിപ്പിടിക്കുന്നതായി ഈ പരാമർശം.

പത്താൺമക്കൾക്ക് തുല്യമാണ് ഒരു മകളെന്നും ഉത്തരവിൽ സൂചിപ്പിച്ച ജസ്റ്റിസിന്റെ സന്മനസിനോട് മലയാളി സ്ത്രീത്വം കടപ്പെട്ടിരിക്കുന്നു. പെൺമക്കൾക്ക് ഈ വിധി പ്രസ്താവം പകരുന്ന ധൈര്യം ചെറുതല്ല. മാതാപിതാക്കൾക്കും ഭർത്താവിനും സഹോദരങ്ങൾക്കും മക്കൾക്കും സ്ത്രീയോടുള്ള സമീപനം മാറാൻ വഴിയൊരുക്കും ഇത്തരം ചിന്തകൾ.ലോകമെമ്പാടും സ്ത്രീകൾ ആദരിക്കപ്പെടുന്നവരാണെന്നാണ് സങ്കല്പം. പ്രായോഗിക തലത്തിൽ ഇങ്ങനെയല്ല. പൂർവ്വിക സ്വത്ത് വീതം വയ്ക്കുമ്പോൾ പ്രത്യേകിച്ചും. ഇന്ത്യൻ സാഹചര്യവും വ്യത്യസ്തമല്ല. എങ്കിലും ഇക്കാര്യത്തിൽ മുമ്പേ പറന്ന സമൂഹമാണ് മലയാളികളുടേത്. അര നൂറ്റാണ്ട് മുമ്പ് ഹിന്ദു കുടുംബങ്ങളിലെ വനിതകൾക്ക് സ്വത്തിൽ തുല്യാവകാശം നൽകുന്ന നിയമം പാസാക്കിയിട്ടുണ്ട് കേരളം. ഇതിന് വഴിയൊരുക്കിയ 1975ലെ ഹിന്ദു കൂട്ടുകുടുംബ സമ്പ്രദായം നി​റുത്തലാക്കൽ നിയമം രാജ്യത്തിന് തന്നെ മാതൃകയായിരുന്നു.30 വർഷത്തിന് ശേഷം 2005ൽ കേന്ദ്രസർക്കാർ ഹിന്ദു പിന്തുടർച്ചാവകാശം കൊണ്ടുവന്നപ്പോഴാണ് രാജ്യമെമ്പാടും ഹി​ന്ദു വനി​തകൾക്ക് സ്വത്തി​ൽ തുല്യാവകാശം ലഭി​ച്ചത്. കേരളത്തി​ലെ വീടകങ്ങളിൽ ലക്ഷ്മീ ദേവി​മാരുടെ കണ്ണീർ ഇനി​യും വീഴാതി​രി​ക്കാൻ ഇത്തരം വി​ധി​കളും പരാമർശങ്ങളും വഴി​യൊരുക്കട്ടെ.