തടിയന്റവിട നസീറിന് ജയിലിൽ ഫോൺ: ഡോക്ടറും എ.എസ്.ഐയും അറസ്റ്റിൽ

Friday 11 July 2025 2:41 AM IST

കൊച്ചി: തീവ്രവാദക്കേസിൽ ബംഗളൂരുവിൽ ജയിലിൽ കഴിയുന്ന തടിയന്റവിട നസീർ ഉൾപ്പെടെയുള്ള തീവ്രവാദികൾക്ക് മൊബൈൽ ഫോൺ കടത്തി നൽകിയ കേസിൽ ഡോക്‌ടറും പൊലീസുകാരനുമുൾപ്പെടെ മൂന്നുപേരെ എൻ.ഐ.എ അറസ്റ്റ് ചെയ്‌തു.

പരപ്പന അഗ്രഹാര ജയിലിലെ മന:ശാസ്ത്രജ്ഞൻ ഡോ. നാഗരാജ്, എ.എസ്.ഐ ചാൻ പാഷ, ഒളിവിൽ കഴിയുന്ന പ്രതിയുടെ അമ്മയായ അനീസ് ഫാത്തിമ എന്നിവരെയാണ് എൻ.ഐ.എ ബംഗളൂരു യൂണിറ്റ് അറസ്റ്റ് ചെയ്‌തത്. ഇവരുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ ഡിജിറ്റൽ ഉപകരണങ്ങൾ, സ്വർണം, പണം, രഹസ്യരേഖകൾ തുടങ്ങിയവ പിടിച്ചെടുത്തു.

തടവുപുള്ളികളെ സന്ദർശിക്കുന്നതിനിടെ ഡോ. നാഗരാജ് മൊബൈൽ ഫോണുകൾ, വാക്കി ടോക്കികൾ തുടങ്ങിയവ കൈമാറിയതിനാണ് അറസ്റ്റ്. നസീറിന് പണം ശേഖരിച്ചുനൽകിയ കേസിൽ ഒളിവിൽ കഴിയുന്ന ജുനൈദ് അഹമ്മദിന്റെ അമ്മയാണ് അനീസ് ഫാത്തിമ. അനീസ് ഫാത്തിമ, പവിത്ര എന്നിവർ ഡോക്‌ടർക്ക് സഹായം നൽകിയെന്നാണ് കേസ്. ജയിലിൽ കഴിയുമ്പോഴും തീവ്രവാദം പ്രചരിപ്പിക്കാൻ നസീർ ഫോൺ ഉപയോഗിച്ചെന്ന് എൻ.ഐ.എ പറയുന്നു.