കേരളത്തിന്റെ ആരോഗ്യ- വിദ്യാ. സംവിധാനം മികച്ചത്: ഗവർണർ
തിരുവനന്തപുരം: കേരളം ഒരു കാര്യം തുടങ്ങിയാൽ മറ്റ് സംസ്ഥാനങ്ങളും അതേ പാത പിന്തുടരുമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കേരളത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ സംവിധാനങ്ങൾ മികച്ചതാണ്. ഫസ്റ്റ് എയ്ഡ് കൗൺസിൽ ഒഫ് ഇന്ത്യയുടെ (എഫ്.എ.സി.ഐ) നേതൃത്വത്തിൽ സ്കൂളുകളിൽ പ്രഥമ ശുശ്രൂഷ പരിശീലനം നൽകുന്ന 'നിരാമയ കേരളം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാസ്കോട്ട് ഹോട്ടലിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യരംഗത്തെ നല്ല പ്രവർത്തനങ്ങൾ കാരണം കേരളം രാജ്യത്ത് ഏറ്റവും ഉയർന്ന സ്ഥാനം നേടുന്നു. എന്നാൽ, സർക്കാർ മാത്രം വിചാരിച്ചാൽ എല്ലാം നടക്കില്ല. ഉദ്യോഗസ്ഥർക്കൊപ്പം നാട്ടുകാരും കൈകോർക്കണം. ഫസ്റ്റ് എയ്ഡ് പദ്ധതിക്ക് കേരളം രാജ്യത്തെ നയിക്കുന്നതിൽ അഭിമാനമുണ്ട്. ഗുരുപൂർണിമ ദിവസം ഇങ്ങനെയൊരു പദ്ധതി തുടങ്ങിയത് അഭിനന്ദനാർഹമാണ്.
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഫസ്റ്റ് എയ്ഡ് ബോക്സ് തൊടാൻപോലും അനുവാദമില്ലായിരുന്നു. ഒരു സഹപാഠിക്ക് മുറിവേറ്റെങ്കിലും അതു കൊണ്ട് പ്രയോജനമുണ്ടായില്ല. കോളേജിലും അങ്ങനെയൊക്കെ തന്നെയായിരുന്നു. ഒന്നാംക്ലാസ് മുതൽ സർവകലാശാലവരെ കരിക്കുലത്തിൽ പ്രഥമശുശ്രൂഷ നിർബന്ധമാക്കണം. പൊതുജനങ്ങളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കണം.
എഫ്.എ.സി.ഐ ഡയറക്ടർ ജനറൽ കേരള ത്രിവിക്രം എം. ഉപാദ്ധ്യായ, സ്റ്റേറ്റ് ഹെഡ് മുബാറക്ക് നവാബ്ജാൻ, സി.ഇ.ഒ ഡോ.ഇഷാ ശർമ്മ, പ്രസിഡന്റ് ഡോ.ശബാബ് ആലം തുടങ്ങിയവർ പങ്കെടുത്തു.
പങ്കെടുക്കാത്തത് ക്യാബിനറ്റ് വൈകിയതിനാൽ: ശിവൻകുട്ടി
മാസ്കോട്ട് ഹോട്ടലിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ അദ്ധ്യക്ഷത വഹിക്കേണ്ടിയിരുന്നത് മന്ത്രി വി.ശിവൻകുട്ടിയായിരുന്നെങ്കിലും അദ്ദേഹത്തിന് എത്താനായില്ല. മന്ത്രിസഭായോഗം നീണ്ടു പോയതാണ് കാരണമെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കാൻ തയ്യാറെടുത്ത് ഇരിക്കുകയായിരുന്നു. ക്യാബിനറ്റ് യോഗം 9.30ന് ഓൺലൈനായി ആരംഭിച്ചു. അവസാനിച്ചപ്പോൾ 11മണി കഴിഞ്ഞു. വിദ്യാഭ്യാസവകുപ്പിന്റെ പ്രധാനപ്പെട്ട മൂന്ന് അജണ്ടകളുണ്ടായിരുന്നു. മന്ത്രി എന്ന നിലയ്ക്ക് തനിക്ക് ഗവർണറോട് പ്രശ്നമൊന്നുമില്ല. അദ്ദേഹത്തിന് പ്രശ്നമുണ്ടോയെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
രാജ്ഭവനിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടർന്ന് ഗവർണറോട് പരസ്യമായി അതൃപ്തി അറിയിച്ച് മന്ത്രി ഇറങ്ങിപ്പോയിരുന്നു. ഇതിനുശേഷം ഗവർണറും മന്ത്രിയും ഒന്നിച്ച് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയായിരുന്നു ഇത്.