ചങ്ങാതിയുടെ രോഗം മാറ്റിയ ഡോക്ടറെ കണ്ട് മോഹൻലാൽ
തൃശൂർ: ചെവിയുടെ ബാലൻസ് നഷ്ടമാവുന്ന രോഗത്തിൽ നിന്ന് ചങ്ങാതിയെ രക്ഷപ്പെടുത്തിയ ഡോക്ടറെ അദ്ദേഹത്തിന്റെ വീട്ടിൽ നേരിട്ടെത്തി നന്ദി അറിയിച്ച് നടൻ മോഹൻലാൽ. 17 ദിവസത്തിനുശേഷം, ഡോക്ടറെ അഭിനന്ദിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടതോടെയാണ് ആ സന്ദർശനം പരസ്യമായത്.
ചെന്ത്രാപ്പിന്നി മാമ്പറമ്പിൽ ഡോ.എം.ആർ.രവിയാണ് മോഹൻലാലിന്റെ സുഹൃത്തിന്റെ രോഗം മരുന്നുകളില്ലാതെ, ചില വ്യായാമമുറകളിലൂടെ അരമണിക്കൂറിൽ മാറ്റിയത്. രോഗം മാറിയ സന്തോഷം സുഹൃത്ത് മോഹൻലാലിനെ അറിയിച്ചു. താൻ വരുന്നുണ്ടെന്നും ആരേയും അറിയിക്കരുതെന്നും വിളിച്ചുപറഞ്ഞ് ജൂൺ 23നാണ് മോഹൻലാൽ ഡോക്ടറുടെ ചെന്ത്രാപ്പിന്നിയിലെ വീട്ടിലെത്തിയത്.
രാവിലെ ആറ് മണിക്കെത്തി ഒരു മണിക്കൂറോളം ചെലവഴിച്ചശേഷമാണ് മടങ്ങിയത്. തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ പുലർച്ചെ 4.30ന് ദർശനം നടത്തിയ ശേഷമായിരുന്നു സന്ദർശനം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് നേടിയ ഡോ.രവി വയനാട് ഡി.എം.ഒ ആയാണ് വിരമിച്ചത്. ഭാര്യ: നന്ദിനി. മകൻ: ടിങ്കു (ഐ.ടി വിദഗ്ദ്ധൻ,കാനഡ). മകൾ: ഡോ.ടിനി (എറണാകുളം)
രാേഗിയായപ്പോൾ
കണ്ടെത്തിയ വിദ്യ
ഇയർബാലൻസ് പ്രശ്നം ഡോ.രവിയെയും മുൻപ് ബാധിച്ചിരുന്നു. അങ്ങനെയാണ് തല വശങ്ങളിലേക്ക് ചരിച്ചുള്ള വ്യായാമമുറകൾ പരിശീലിച്ചത്. മോഹൻലാലിന്റെ സുഹൃത്തിനെ വീഡിയോകോൾ വഴിയാണ് പരിശീലിപ്പിച്ചത്. സുഹൃത്തിന്റെ സിംഗപ്പൂരിലുള്ള സഹോദരിക്കും ഇതേരീതിയിൽ പരിശീലനം നൽകി.
''ഈ അസുഖത്തിന് പ്രത്യേകമരുന്നുകളും ചികിത്സയുമില്ല. താൻ സ്വയം ഈ രീതി കണ്ടെത്തുകയായിരുന്നു. അപ്രതീക്ഷിതമായിട്ടാണ് മോഹൻലാലിന്റെ വിളിയെത്തിയത്
-ഡോ.എം.ആർ. രവി
'യഥാർത്ഥ ഹീറോ'
ചെവിയുടെ ബാലൻസിംഗ് നഷ്ടമാവുന്ന രോഗാവസ്ഥയിൽനിന്ന് എന്റെ ഒരടുത്ത ചങ്ങാതിയെ നിസാരമായി തോന്നുംവിധം ഭേദമാക്കിയ ആളാണ് ഡോ.രവി. ഡോക്ടറെ നേരിൽ കാണണമെന്ന് ആഗ്രഹം തോന്നി. ഇതേ ചങ്ങാതിക്കൊപ്പം ഈയിടെ തൃപ്രയാർ ക്ഷേത്രത്തിൽപോയ കൂട്ടത്തിൽ ഞാനും അദ്ദേഹത്തിന്റെ വീട്ടിൽ പോയി. നിസ്വാർത്ഥതയുടെ പ്രതീകമെന്നാണ് അദ്ദേഹത്തിന്റെ സംഭാവനകൾ തിരിച്ചറിഞ്ഞപ്പോൾ തോന്നിയത്. സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ.
-മോഹൻലാൽ
(ഫേസ്ബുക്കിൽ കുറിച്ചത്)