റീ സർവേയിൽ വനഭൂമി  കോടതി ഉത്തരവുണ്ടായിട്ടും നികുതി സ്വീകരിക്കാൻ നിയമ തടസ്സം

Friday 11 July 2025 1:53 AM IST

കാളികാവ്: കോടതി ഉത്തരവുണ്ടായിട്ടും നികുതി സ്വീകരിക്കാൻ നിയമ തടസ്സം. ചോക്കാട് പഞ്ചായത്തിലെ കല്ലാമൂല വള്ളിപ്പൂളയിലെ 11 കുടുംബങ്ങൾക്ക് കൈവശ ഭൂമി നഷ്ടപ്പെടുമോ എന്നാശങ്ക. പട്ടയം ഉൾപ്പെടെ പ്രമാണങ്ങളുള്ള ഭൂമി 2000 വരെ ഭൂവുടമകൾ നികുതി അടച്ച് പോന്നതാണ്. 2000ൽ നടത്തിയ റീ സർവേയിൽ വനഭൂമിയുടെ ഗണത്തിൽ ഉൾപ്പെടുത്തിയതാണ് തിരിച്ചടിയായത്. 25 വർഷമായി ഭൂമി തിരിച്ചു കിട്ടാൻ കുടികിടപ്പുകാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്.11 കുടുംബങ്ങളുടെ കൈവശം 1.75 ഏക്കർ ഭൂമി മാത്രമാണുള്ളത്. ഇതിനെതിരെ കുടികിടപ്പുകാർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഇവരുടെ നികുതി സ്വീകരിക്കണമെന്ന് ജനുവരിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവുണ്ടായി. എന്നാൽ വില്ലേജ് ഭൂ രജിസ്റ്ററിലും വനം വകുപ്പിന്റെ രേഖകളിലും ഈ ഭൂമി വനഭൂമിയായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തണ്ടപ്പേരും ലഭ്യമല്ല. ഇക്കാര്യം കാണിച്ച് ചോക്കാട് വില്ലേജ് ഓഫീസർ ബി.സി. ബിജു ഹൈക്കോടതിക്ക് മറുപടി നൽകിയിട്ടുണ്ട്. റവന്യു, വനം വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത സർവേയിലും സ്വകാര്യ ഭൂമി കണ്ടെത്താനായില്ല. വള്ളിപ്പൂളയിൽ 11 കുടുംബങ്ങളുടെ കൈവശമുള്ള ഭൂമി വനഭൂമിയിലായിട്ടാണ് സംയുക്ത സർവേയിലും കണ്ടെത്തിയതെന്നാണ് അധികൃതർ പറയുന്നത്. വനഭൂമിയിൽ ഉൾപ്പെടുത്തിയതോടെ ഭൂമിക്ക് 25 വർഷമായിട്ട് നികുതി സ്വീകരിക്കുന്നില്ല. അതിനാൽ സർക്കാരിൽ നിന്ന് ആനുകൂല്യങ്ങളും ലഭ്യമാവുന്നില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്ന് സഹായം ലഭിക്കാത്തതിനാൽ വീടുകളുടെ അറ്റകുറ്റപണി പോലും നടത്താനാവുന്നില്ല. ബാങ്ക് വായ്പകളും ലഭിക്കാത്ത സാഹചര്യമാണുള്ളത്. വന ഭൂമിയിൽ ഉൾപ്പെടുത്തിയ ഈ ഭൂമിയുടെ നാല് കിലോമീറ്റർ മുകളിൽ വാഹനം പോലും എത്തിപ്പെടാത്ത സ്ഥലത്ത് നികുതി സ്വീകരിക്കുന്ന സ്വകാര്യഭൂമിയുണ്ട്.

ഐക്കര സാജൻ, ചുണ്ടിയൻമൂച്ചി അബുട്ടി, പുത്തൻപുരക്കൽ എൽസി, തടിയൻ മുഹമ്മദ്, പുലത്ത് ഹംസ, കുട്ടശ്ശേരി അയ്യപ്പൻ, വെള്ളില മൂസ മൗലവി, പറമ്പത്ത് ഹസൈനാർ, നെമ്മിനിപ്പുറത്ത് ആയിഷക്കുട്ടി, ചാലുവള്ളി നഫീസ, ചേപ്പൂരാൻ ഉമ്മർ എന്നിവർ വീട് വച്ച് താമസിക്കുന്ന സ്ഥലമാണ് വനഭൂമിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടത്.

സർക്കാർ പതിച്ചു നൽകണം

  • സംയുക്ത സർവേയിൽ കൈവശ ഭൂമി കണ്ടെത്താൻ കഴിയാത്തതിനാൽ സ്ഥലം തിരിച്ചു കിട്ടാനുള്ള സാദ്ധ്യത ഇല്ലാതെയായിരിക്കുകയാണ്. റീ സർവേയ്ക്ക് മുൻപുള്ള പ്രമാണങ്ങൾ ഇക്കാര്യത്തിൽ പരിഗണിക്കാനിടയില്ല.
  • വനഭൂമി പതിച്ചു കൊടുക്കാനുള്ള നടപടി സർക്കാർ സ്വീകരിച്ചാലേ കൈവശക്കാർക്ക് ഭൂമി തിരിച്ച് ലഭിക്കാനുള്ള സാദ്ധ്യതയുള്ളു എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

ഹൈക്കോടതി ഉത്തരവിനെ തുടർന്നു വനം വകുപ്പിന് ഉത്തരവിന്റെ കോപ്പി സഹിതം വിശദീകരണം ചോദിച്ചിരുന്നു. മറുപടി ലഭിച്ചിട്ടില്ല

വില്ലേജ് ഓഫീസർ