കൂരിയാടിൽ പാലം നിർമ്മാണത്തിന് വേഗം കൂട്ടും
മലപ്പുറം: ദേശീയപാത തകർന്ന കൂരിയാടിൽ വയഡക്ട് പാലം നിർമ്മിക്കുന്നതിനുള്ള പ്രവൃത്തികൾക്ക് വേഗം കൂട്ടും. കഴിഞ്ഞ ദിവസം ദേശീയപാത അതോറിറ്റി ഡയറക്ടർ സ്ഥലം സന്ദർശിച്ച് നിർമ്മാണ പ്രവൃത്തികൾ വിലയിരുത്തി. വേഗത്തിൽ പൂർത്തിയാക്കാൻ കരാർ കമ്പനിയായ കെ.എൻ.ആർ.സി.എല്ലിന് നിർദ്ദേശം നൽകിയിട്ടുണ്ട്. തകർന്ന ആറുവരി പാതയുടെ മണ്ണും കോൺഗ്രീറ്റ് കട്ടകളും മറ്റും പൂർണ്ണമായും നീക്കി സ്ഥലം നിരപ്പാക്കിയിട്ടുണ്ട്. മണ്ണ് പരിശോധന പൂർത്തിയാക്കി ടെസ്റ്റ് പൈലിംഗ് പ്രവൃത്തികൾ ആരംഭിച്ചു. ഇതിനായി രണ്ട് യന്ത്രങ്ങൾ ഇവിടെ എത്തിച്ചിട്ടുണ്ട്. 40 മീറ്റർ താഴ്ചയിൽ വരെ പൈലിംഗ് നടത്താനാവും. മണ്ണിന്റെ ഘടന അനുസരിച്ച് കുറഞ്ഞത് 20 മീറ്റർ ആഴത്തിൽ കുഴികളെടുക്കും.
കൂരിയാട് അടിപ്പാത മുതൽ കുറ്റൂർ തോടിന് സമീപം വരെ 400 മീറ്ററിലാണ് പാലം നിർമ്മിക്കുക. മൂന്ന് വരികളിലായി ഒരേ നിരയിൽ രണ്ട് പാലങ്ങളാണ് നിർമ്മിക്കുക. പാലത്തിന്റെ പ്രവൃത്തിക്കൊപ്പം സർവീസ് റോഡുകളും ഉയർത്തും. മഴയിൽ സർവീസ് റോഡിലേക്ക് വെള്ളം കയറുന്നത് ഒഴിവാക്കാനാണ് ഇത്. സർവീസ് റോഡുകളുടെ ഇരുവശത്തുമുള്ള വയലുകളിൽ നിന്നുള്ള വെള്ളം ഒഴുകിപ്പോവാൻ കലുങ്കുകൾ സ്ഥാപിക്കും. തോട്ടിലെ വെള്ളം ഒഴുകിപ്പോവാനുള്ള മൂന്ന് കനാലുകളും നിലനിറുത്തും. കൂരിയാടിൽ നാല് മാസത്തിനകം വയഡക്ട് നിർമ്മാണം പൂർത്തിയാക്കാനാണ് കരാർ കമ്പനിക്ക് ദേശീയപാത അതോറിറ്റി നൽകിയ നിർദ്ദേശം. മേയ് 19നാണ് അവസാനവട്ട മിനുക്കുപണികൾക്കിടെ ദേശീയപാത തകർന്നുവീണത്.
തൃശൂരിലേക്കുള്ള സർവീസ് റോഡ് ഉടൻ
തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡ് അഞ്ച് ദിവസത്തിനകം തുറക്കും.
ദേശീയപാത തകർന്നപ്പോൾ തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡും തകർന്നിരുന്നു.
സർവീസ് റോഡിന്റെ പ്രവൃത്തി ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ട്.
രണ്ടാഴ്ചയായി കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡ് തുറന്നുകൊടുത്തിട്ടുണ്ട്.
ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ ഈ റോഡിലൂടെ വരുന്നതിനാൽ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.