വില ഇരുപതിൽ നിന്ന് 75ലെത്തി, വരും ദിവസങ്ങളിൽ തേങ്ങയുടെ വിലയിൽ ഇതാണ് സംഭവിക്കാൻ പോകുന്നത്

Friday 11 July 2025 11:23 AM IST

കോഴിക്കോട‌്: പച്ചത്തേങ്ങ വില കുതിച്ചുയരുമ്പോഴും പ്രയോജനം ലഭിക്കാതെ കേര കർഷകർ. ക​ഴി​ഞ്ഞ ആഴ്ചകളിൽ 72 രൂ​പ​യു​ണ്ടാ​യി​രു​ന്ന പ​ച്ച​ത്തേ​ങ്ങ വി​ല ഇന്നലെ കി​ലോ​യ്ക്ക് 75 രൂപയിലെത്തിയെങ്കിലും പലരുടെയും കെെയിൽ വിൽക്കാൻ തേങ്ങയില്ലാത്ത സ്ഥിതിയാണ്. സീ​സ​ണി​ൽ പോലും കു​റ്റ്യാ​ടി തേ​ങ്ങയടക്കം ആ​വ​ശ്യ​ത്തി​ന് ലഭിക്കുന്നില്ല. കാലാവസ്ഥ വ്യതിയാനവും വിലയിടിവും കാരണം കേര കർഷകർ കൂട്ടമായി കൃഷി ഉപേക്ഷിച്ചതാണ് ഉത്പാദനത്തിലുണ്ടായ വ​ൻ ഇ​ടി​വിന് കാരണമായത്.

ഉ​ത്​പാ​ദ​ന ചെ​ല​വ് ഗ​ണ്യ​മാ​യി വ​ർദ്ധിച്ച​തോ​ടെ പ​ല​രും പ​രി​പാ​ല​ത്തി​നു​വേ​ണ്ട പ​രി​ഗ​ണ​ന പോലും ന​ൽ​കി​യി​രു​ന്നി​ല്ല. കി​ലോയ്​ക്ക് 25ഉം 30​രൂ​പ വ​രെ പ​ച്ച​ത്തേ​ങ്ങ​യ്ക്ക് ല​ഭി​ച്ചി​രു​ന്ന കാ​ല​മു​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ കൃ​ഷി​യി​ൽ നി​ന്ന് വിട്ടു നിന്നത്. കൂ​ടാ​തെ മലയോര മേഖലകളിലടക്കം വ​ന്യ​മൃ​ഗ​ശ​ല്യ​വും തേങ്ങയിടാൻ ആളെ കിട്ടാത്തതും ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യി.

 വിലയിൽ റെക്കോർഡ് കുതിപ്പ്

കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന പച്ചത്തേങ്ങയാണ് ഇപ്പോൾ 75ൽ എത്തി നിൽക്കുന്നത്. ഈ മാസം തുടക്കത്തിൽ കിലോയ്ക്ക് 72-73 രൂപയായിരുന്നു. ഡിസംബർ മുതലാണ് പച്ചത്തേങ്ങ വില കൂടിത്തുടങ്ങിയത്. ജനുവരി അവസാനം 54 ആയിരുന്ന വില ഫെബ്രുവരിയിൽ 56ൽ എത്തി. മാർച്ചിൽ 60 കടന്നു. ജൂണിൽ 78 വരെയെത്തിയ ദിവസങ്ങളുണ്ട്. പതി​വി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഇ​ത്ത​വ​ണ പ​ച്ച​ത്തേ​ങ്ങ​യു​ടെ ല​ഭ്യ​ത ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തി​നാ​ൽ വി​ല ഇ​നി​യും കൂ​ടു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. പ​ച്ച​ത്തേ​ങ്ങ​ക്കൊ​പ്പം രാ​ജാ​പ്പൂ​ർ (സം​സ്ക​രി​ച്ച കൊ​പ്ര), ഉണ്ട കൊപ്ര വി​ല​യും കൂടിയിട്ടുണ്ട്. ഇന്നലെ വ​ട​ക​ര, കോഴിക്കോട് മാ​ർ​ക്ക​റ്റി​ൽ രാ​ജാ​പ്പൂ​ർ വി​ല ക്വി​ന്റ​ലി​ന് 33000 ലെ​ത്തി​യി​ട്ടു​ണ്ട്. ഉ​ണ്ട​ കൊ​പ്ര വി​ല ക്വി​ന്റ​ലി​ന് 28000 രൂ​പ​യാ​ണ്. ഈ മാസം തുടക്കത്തിൽ രാജാപൂർ ക്വിന്റലിന് 31000വും ഉണ്ട കൊപ്ര 27000 ആയിരുന്നു.

 വീണ്ടും കൃഷിയിലേക്ക്

വിപണി വില ഉയർന്നതും കാലാവസ്ഥ അനുകൂലവുമായതോടെ കർഷകർ വീണ്ടും കൃഷിയിലേക്കിറങ്ങി. വേനൽമഴ നന്നായി ലഭിച്ചത് തെങ്ങുകൾക്ക് ഗുണകരമായി. പലരും തടംതുറക്കലും തെങ്ങിന് വളം ചെയ്യലുമായി സജീവമാണ്.

 500ലേക്ക് കുതിച്ച് വെളിച്ചെണ്ണ

വെളിച്ചെണ്ണ വിലയും കൂടുകയാണ്. ഈ മാസം തുടക്കത്തിൽ ലിറ്ററിന് 400 രൂപയായിരുന്നത് ഇപ്പോൾ 420 ലെത്തി.ആഴ്ചതോറും വിലയിൽ 10 രൂപ മുതൽ 20 രൂപ വരെയാണ് വർദ്ധന. തേങ്ങയുടെയും കൊപ്രയുടെയും വില കൂടുമ്പോൾ വെളിച്ചെണ്ണയ്ക്ക് വില കൂട്ടാതെ മാർഗമില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.

''തോട്ടങ്ങളിൽ നിന്ന് സംഭരിച്ച വിത്ത് തേങ്ങയുടെ വില കിട്ടാതെ കർഷകർ പ്രയാസത്തിലാണ് ഈ തുക ഉടൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം''- രാജശേഖരൻ, കേര കർഷകൻ, കർഷ കോൺ. സ്റ്റേറ്റ് സെക്രട്ടറി