പരിയാരം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിൽ മൂർഖൻ പാമ്പ്

Friday 11 July 2025 11:42 AM IST

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കാർഡിയോളജി വിഭാഗത്തിലെ ശുചിമുറിയിലാണ് പാമ്പിനെ കണ്ടത്. ഇന്നലെയായിരുന്നു സംഭവം. ജീവനക്കാർ ചേർന്നാണ് പാമ്പിനെ പിടികൂടിയത്.

ബി ബ്ലോക്കിലെ ഒരു രോഗിയുടെ കൂട്ടിരിപ്പുകാരാണ് ശുചിമുറിയിലേക്ക് ഇഴഞ്ഞ് കയറുന്ന പാമ്പിനെ ആദ്യം കണ്ടത്. ഉടൻതന്നെ ഇവർ ആശുപത്രി ജീവനക്കാരെ വിവരം അറിയിച്ചു. തുടർന്ന് ഇവരെത്തി പാമ്പിനെ പിടികൂടി പുറത്ത് കളയുകയും ചെയ്‌തു. പരിയാരം മെഡിക്കൽ കോളേജിൽ ഇതിന് മുമ്പും പലതവണ പാമ്പിനെ കണ്ടെത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളിലും പാമ്പ് ശല്യമുണ്ടെന്നാണ് വിവരം. പ്രദേശത്തെ കാട് വെട്ടിത്തെളിക്കാത്തതും മാലിന്യ നിക്ഷേപവുമാണ് പാമ്പ് ശല്യം കൂടാൻ കാരണമെന്നാണ് ആശുപത്രിയിലെത്തുന്നവർ പറയുന്നത്.

ഇതിന് മുമ്പ് ആശുപത്രിയിലെ നവജാതശിശുക്കളുടെ തീവ്രപരിചരണവിഭാഗത്തിൽ വിഷപ്പാമ്പിനെ കണ്ടെത്തിയിരുന്നു. ഐസിയുവിൽ നിന്ന് പാമ്പ് പുറത്തേക്ക് വരുന്നത് കൂട്ടിരിപ്പുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവർ പരിഭ്രാന്തരായി ബഹളം വച്ചതോടെ അധികൃതരെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. മെഡിക്കൽ കോളേജിന്റെ എട്ടാം നിലയിലേക്ക് പടർന്നുകയറിയ കാട്ടുവള്ളിയിലൂടെയാണ് അന്ന് പാമ്പ് ഓപ്പറേഷൻ തീയേറ്രറിലേക്ക് കയറിയത്.