അദ്ധ്യാപകൻ താമസസ്ഥലത്ത് മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഇന്ന് രാവിലെ

Friday 11 July 2025 12:04 PM IST

മണ്ണാർക്കാട്: അദ്ധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് എം.ഇ.എസ് ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനായ ഷിബു പിള്ളയാണ് മരിച്ചത്. ഇടുക്കി കട്ടപ്പന സ്വദേശിയാണ് .

കുമരംപുത്തൂർ ചുങ്കം സെന്ററിലെ ഫ്ലാറ്റായ കെ കെ കോംപ്ലക്സിലെ വാടക മുറിയിലാണ് കഴിഞ്ഞ മൂന്നു വർഷമായി താമസിച്ചിരുന്നത്. ഇന്ന് രാവിലെ ആറര മണിയോടെയാണ് കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് കീഴെ മരിച്ച നിലയിൽ കണ്ടത്. ഒറ്റയ്ക്കായിരുന്നു താമസം. കുടുംബം ഇടുക്കിയിലാണ്.

ഇന്നലെ രാത്രി ഒൻപതുമണിവരെ ഷിബുവിനെ കണ്ടതായി സഹപ്രവർത്തകർ പറയുന്നു. മരണകാരണം വ്യക്തമല്ല. തെന്നിവീണതാകാം മരണകാരണമെന്നാണ് പൊലീസ് കരുതുന്നത്. അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.