കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചതിന്റെ നൂറാം വാർഷികാഘോഷം
തിരുവനന്തപുരം: ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചതിന്റെ നൂറാം വാർഷികം ഒരു വർഷം നീളുന്ന പരിപാടികളോടെ ആഘോഷിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. ഒക്ടോബർ 17 മുതൽ 2020 ഒക്ടോബർ 17 വരെ നീളുന്ന പരിപാടികൾക്കാണ് രൂപം നൽകുന്നത്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും. അന്ന് എല്ലാ ബ്രാഞ്ചുകളിലും പതാക ഉയർത്തിയും പ്രഭാതഭേരി മുഴക്കിയും വാർഷികയോഗം സംഘടിപ്പിക്കണം.
1920 ഒക്ടോബർ 17ന് താഷ്കണ്ടിൽ വച്ചാണ് ഏഴംഗ ഗ്രൂപ്പ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രൂപം നൽകിയത്.
സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റ് പാർടി വഹിച്ച പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. പെഷവാർ, മീററ്റ്, കാൺപൂർ ഗൂഢാലോചനക്കേസുകളിലൂടെ പാർട്ടിയെ തകർക്കുന്നതിനായി ബ്രിട്ടീഷ് സാമ്രാജ്യത്വം ശ്രമിച്ചു. ആ വെല്ലുവിളികളെ അതിജീവിച്ചാണ് പാർട്ടി വളർന്നത്. പൂർണസ്വാതന്ത്ര്യമെന്ന മുദ്രാവാക്യം രാജ്യത്ത് ആദ്യമായി ഉയർത്തിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. ജാതീയമായ അടിച്ചമർത്തലുകൾക്കും വർഗീയതയ്ക്കും എതിരായും സാമൂഹ്യ നീതിക്കുവേണ്ടിയുള്ളതുമായ പോരാട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഭാവനകൾ വിശദീകരിക്കുന്ന കാമ്പെയിനും സംഘടിപ്പിക്കും.