കരിപ്പൂർ എയർപോർട്ട് റെസ  നിർമ്മാണം പുരോഗമിക്കുന്നു 

Friday 11 July 2025 6:36 PM IST

കൊണ്ടോട്ടി: വലിയ വിമാനങ്ങൾ ഇറങ്ങാൻ കാത്തിരിക്കുന്ന കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റെസ (റൺവേ എൻഡ്‌സേഫ്ടി ഏരിയ) നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇത്തവണ നേരത്തെ എത്തിയ കാലവർഷം മൂലം ജിയോളജി വകുപ്പും ജില്ലാ ദുരന്ത നിവാരണ വിഭാഗവും ജില്ലയിലെ ഖനന പ്രവർത്തനങ്ങൾ നിരോധിച്ചതിനാൽ നിർമ്മാണ പ്രവൃത്തികൾക്കാവശ്യമായ മണ്ണ് ലഭ്യമല്ലാത്തതിനാൽ മണ്ണിട്ടു ഉയർത്തുന്ന പ്രവർത്തനങ്ങൾ താൽക്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. ഇതുവരെയായി പദ്ധതിയുടെ 22 ശതമാനം പ്രവൃത്തികൾ പൂർത്തീകരിക്കാൻ കഴിഞ്ഞു. നിലവിൽ ചുറ്റുമതിൽ നിർമ്മാണവും മറ്റ് അനുബന്ധപ്രവർത്തികളും നടന്നുവരുന്നുണ്ട്. പരിസ്ഥിതിസൗഹൃദ രീതിയിൽ ജിയോഗ്രിഡ് ഉപയോഗിച്ചാണ് മണ്ണിട്ടു ഉയർത്തൽ പ്രവൃത്തികൾ നടക്കുന്നത്. അതിനാൽ മഴ കഴിയുന്നതോടുകൂടി മാത്രമേ റെസ നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിക്കാൻ കഴിയുകയുള്ളൂവെന്നും വികസന പ്രവർത്തനങ്ങൾ പൂർത്തിയാകാൻ ഉദ്ദേശിച്ചതിലും മൂന്നുമാസം അധികമായി വരുമെന്നും കരാർ കമ്പനികൾ അറിയിച്ചതായി എയർപോർട്ട് ഡയറക്ടർ മുനീർ മടമ്പാട്ട് പറഞ്ഞു.

നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്ന കരിപ്പൂർ എയർപോർട്ടിലെ വിവിധ ഇടങ്ങൾ