എറിഞ്ഞിട്ട് ജസ്പ്രീത് ബുംറ; ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട് 387 റണ്‍സിന് പുറത്ത്

Friday 11 July 2025 7:10 PM IST

ലോര്‍ഡ്‌സ്: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 387 റണ്‍സിന് എല്ലാവരും പുറത്തായി. ഒന്നാം ദിവസത്തെ സ്‌കോറായ 251ന് നാല് എന്ന നിലയില്‍ നിന്ന് 136 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനെ ഇംഗ്ലീഷ് നിരയ്ക്ക് കഴിഞ്ഞുള്ളു. ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സിന്റെ (44) വിക്കറ്റാണ് രണ്ടാം ദിനം ആതിഥേയര്‍ക്ക് ആദ്യം നഷ്ടമായത്. 99 റണ്‍സ് നേടി നിന്നിരുന്ന ജോ റൂട്ട് സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ബുംറയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. ക്രിസ് വോക്‌സിനേയും ബുംറ മടക്കിയപ്പോള്‍ ഇംഗ്ലണ്ട് 271ന് ഏഴ് എന്ന നിലയിലേക്ക് വീണു.

എന്നാല്‍ ഇംഗ്ലണ്ടിനെ എളുപ്പത്തില്‍ പുറത്താക്കി ആധിപത്യം സ്ഥാപിക്കാമെന്ന ഇന്ത്യന്‍ പ്രതീക്ഷകളെ അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്ത് (51) ഫാസ്റ്റ് ബൗളര്‍ ബ്രൈഡന്‍ കാഴ്‌സ് (56) എന്നിവര്‍ ചേര്‍ന്ന് പ്രതിരോധിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 84 റണ്‍സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് 400ന് അടുത്തുള്ള സ്‌കോര്‍ സമ്മാനിച്ചത്. ജെയ്മി സ്മിത്തിനെ പുറത്താക്കി മുഹമ്മദ് സിറാജാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

എന്നാല്‍ മറുവശത്ത് നിലയുറപ്പിച്ച കാഴ്‌സ് ജോഫ്ര ആര്‍ച്ചര്‍ (4), ഷൊയ്ബ് ബഷീര്‍ എന്നിവരെ കൂട്ടുപിടിച്ച് അവസാന രണ്ട് വിക്കറ്റുകളില്‍ 32 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സാക് ക്രൗളി (18), ബെന്‍ ഡക്കറ്റ് (23), ഒലി പോപ്പ് (44), ഹാരി ബ്രൂക് (11) എന്നിവരുടെ വിക്കറ്റുകള്‍ ആദ്യ ദിനം ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ്, നിധീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.