രണ്ട് യുവതികള്‍ തമ്മില്‍ ഫേസ്ബുക്കില്‍ പരിചയപ്പെട്ടു; പുറത്തറിഞ്ഞത് നാല് യുവതികളുടെ കഥ

Friday 11 July 2025 7:54 PM IST

പ്രതീകാത്മക ചിത്രം

പത്തനംതിട്ട: രണ്ട് യുവതികള്‍ തമ്മില്‍ ഫേസ്ബുക്ക് വഴി സൗഹൃദത്തിലായതിന് പിന്നാലെ പുറത്തറിഞ്ഞത് നാല് യുവതികളുടെ ജീവിതത്തില്‍ സംഭവിച്ച കഥ. ഫേസ്ബുക്കില്‍ സുഹൃത്തുക്കളായ യുവതികളിലൊരാള്‍ മറ്റേയാളുടെ ഭര്‍ത്താവിന് ഒപ്പമുള്ള ചിത്രം കണ്ടതോടെയാണ് നാല് യുവതികളെ പറ്റിച്ച കാസര്‍കോട് സ്വദേശി ദീപു ഫിലിപ്പിന്റെ വിവാഹ തട്ടിപ്പ് പുറത്ത് അറിയുന്നത്. രണ്ടാം ഭാര്യയും നാലാം ഭാര്യയും തമ്മില്‍ ഫേസ്ബുക്കില്‍ പരിചയപ്പെട്ടതാണ് ദീപുവിന് കുരുക്കായി മാറിയത്.

പത്തനംതിട്ട കോന്നിയില്‍ വച്ചാണ് ദീപു ഫിലിപ്പ് പൊലീസ് പിടിയിലായത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നാല് തവണയാണ് 36കാരനായ ദീപു വിവാഹം കഴിച്ചത്. കാസര്‍കോട് സ്വദേശിയായ ഇയാള്‍ കോന്നിയിലെ പുളിമുക്ക് എന്ന സ്ഥലത്തെ ഹോട്ടല്‍ ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. കൂടെ താമസിക്കുകയായിരുന്ന യുവതിയുടെ പരാതിയിലാണ് ദീപു കുടുങ്ങിയത്. 2015ല്‍ കാസര്‍കോട് സ്വദേശിനിയായ യുവതിയെയാണ് ഇയാള്‍ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഇയാള്‍ക്ക് രണ്ട് കുട്ടികളുണ്ട്. പിന്നീട് യുവതിയുടെ സ്വര്‍ണവും പണവും കൈക്കലാക്കി മുങ്ങുകയായിരുന്നു.

കാസര്‍കോട് തന്നെയുള്ള മറ്റൊരു യുവതിയുമായി തമിഴ്‌നാട്ടിലായിരുന്നു പിന്നീട് ദീപു താമസിച്ചിരുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ യുവതിയേയും ഉപേക്ഷിച്ച് തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തി എറണാകുളത്ത് മറ്റൊരു യുവതിക്കൊപ്പം താമസം ആരംഭിക്കുകയായിരുന്നു. എറണാകുളത്ത് താമസിക്കുന്നതിനിടെയാണ് സമൂഹമാദ്ധ്യമം വഴി ആലപ്പുഴയില്‍ താമസിച്ചിരുന്ന കോന്നി സ്വദേശിയായ യുവതിയുമായി അടുത്തതും പ്രണയത്തിലായതും.

താന്‍ അനാഥനാണെന്നും ഒറ്റയ്ക്കുള്ള ജീവിതത്തില്‍ തനിക്ക് കൂട്ടായി നിക്കണമെന്നും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി. ഇതിനിടെയാണ് കോന്നി സ്വദേശിയായ നാലാം ഭാര്യ അവിചാരിതമായി ദീപുവിന്റെ രണ്ടാം ഭാര്യയുമായി ഫേസ്ബുക്കില്‍ സുഹൃത്തുക്കളായത്. ദീപുവിനൊപ്പമുള്ള ചിത്രങ്ങള്‍ കണ്ട രണ്ടാം ഭാര്യ കോന്നി സ്വദേശിയായ യുവതിയോട് ദീപുവിന്റെ ചരിത്രം മുഴുവന്‍ തെളിവ് സഹിതം വിവരിച്ചു. ഇതോടെ യുവതി കോന്നി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.