ദേശീയ പാത നിർമ്മാണം നിറുത്തി വയ്ക്കുന്നതിനെതിരെ ഹർത്താൽ, പ്രഖ്യാപിച്ചത് ഇടുക്കിയിലെ മൂന്നു പഞ്ചായത്തുകളിൽ

Friday 11 July 2025 8:07 PM IST

ഇടുക്കി: ദേശീയ പാത നിർമ്മാണം നിറുത്തി വയ്ക്കണമെന്ന ഹൈക്കോടതി നിർദ്ദേശത്തിനെതിരെ ഇടുക്കിയിലെ മൂന്നു പഞ്ചായത്തുകളിൽ യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചു. വെള്ളത്തൂവൽ,​ അടിമാലി,​ പള്ളിവാസൽ പഞ്ചായത്തുകളിലാണ് യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്. അടിമാലി പഞ്ചായത്തിൽ എൽ.ഡി.എഫും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

നേര്യമംഗലം മുതൽ വാളറ വരെ ദേശീയപാത നിർമ്മാണം നിറുത്തിവയ്ക്കാൻ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ പാത നിർമ്മാണം നിറുത്തി വയ്ക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്. റിസർവ് ഫോറസ്റ്റിൽ നിന്ന് മരം മുറിച്ചത് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശവും നൽകി. ദേശീയ പണിമുടക്ക് ദിവസം മാത്രം 250ലേറെ മരങ്ങൾ അനുമതിയില്ലാതെ ദേശീയപാത അതോറിട്ടി മുറിച്ചെന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചുു. മരങ്ങൾ മുറിക്കാൻ ആരാണ് അനുമതി നൽകിയതെന്ന് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടു.