മഞ്ഞപ്ര വാതകശ്മശാനം നാല് വർഷമായി അടഞ്ഞു തന്നെ

Saturday 12 July 2025 1:40 AM IST
മഞ്ഞപ്ര കൊളയക്കാട് വാതകശ്മശാനത്തിനായി നിർമ്മിച്ച കെട്ടിടം.

 കെട്ടിടവും അനുബന്ധ സാധനങ്ങളും കേടുവന്ന് നശിക്കുന്നു

വടക്കഞ്ചേരി: കെട്ടിടം നിർമ്മിച്ചിട്ട് നാലുവർഷം കഴിഞ്ഞെങ്കിലും മഞ്ഞപ്ര വാതക ശ്മശാനം ഇനിയും പ്രവർത്തനം തുടങ്ങിയിട്ടില്ല. നിലവിൽ സമീപത്തുള്ള ഷെഡ്ഡിലാണ് സംസ്‌കാരച്ചടങ്ങുകൾ നടത്തുന്നത്. ഇതിനുള്ള സജ്ജീകരണങ്ങൾ തിരുവില്വാമലയിൽ നിന്ന് എത്തിക്കണം. ചടങ്ങുകൾ നടത്തുന്നതിനായി ആളെയും തിരുവില്വാമലയിൽ നിന്ന് കൊണ്ടുവരണം. ഇതൊഴിവാക്കാനാണ് കണ്ണമ്പ്ര പഞ്ചായത്ത് വാതക ശ്മശാനം നിർമ്മിക്കാൻ തീരുമാനിച്ചത്. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് വാതക ശ്മശാനത്തിനുള്ള കെട്ടിടം പൂർത്തിയാക്കിയത്. എന്നാൽ ശ്മശാനം പ്രവർത്തനം തുടങ്ങാത്തതിനാൽ കെട്ടിടവും ഇതോടനുബന്ധിച്ച് വാങ്ങിയ സാധനങ്ങളും കേടു വന്ന് നശിക്കുകയാണ്. മൃതദേഹം വഹിച്ചുകൊണ്ടു പോകുന്നതിനുള്ള സ്ട്രച്ചറിന്റെ ചക്രം പൊട്ടിയ നിലയിലാണ്. ജനറേറ്ററും മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള ചേമ്പറും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനം തുടങ്ങുന്നത് നീളുകയാണ്. ഉപകരണങ്ങളെല്ലാം കേടുവന്ന് പൂർണമായി നശിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ എത്രയും വേഗം വാതക ശ്മശാനം പ്രവർത്തനം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കെട്ടിടം നിർമ്മിച്ച് നാലു വർഷത്തലേറെ ആയെങ്കിലും പ്രവർത്തനം തുടങ്ങാൻ വൈകുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടെന്നും കെട്ടിടവും ചേമ്പറുമുൾപ്പെടെ സ്ഥാപിച്ചെങ്കിലും അനുബന്ധ സൗകര്യങ്ങൾ ഇനിയും ഒരുക്കാനുണ്ടെന്നും കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എ.സുമതി പറഞ്ഞു. അനുബന്ധ സൗകര്യങ്ങൾ ഒരുക്കാൻ 6.75 ലക്ഷം രൂപയുടെ കരാർ നടപടികൾ പുരോഗമിക്കുന്നുണ്ട്. ജോലി പൂർത്തിയാക്കി ആഗസ്റ്റിൽ പ്രവർത്തനം തുടങ്ങുകയാണ് ലക്ഷ്യമെന്നും പ്രസിഡന്റ് പറഞ്ഞു.