റോഡിൽ കാഴ്ചമറച്ച് കാട്ടുപൊന്തകൾ, അധികൃതർക്ക് അനക്കമില്ല

Saturday 12 July 2025 12:47 AM IST
ചാത്തമംഗലം പാലക്കാടി-ഏരിമല റോഡിലെ കാഴ്ചമറയ്ക്കുന്ന കാട്ടുപൊന്തകൾ

കുന്ദമംഗലം: റോഡിൽ കാഴ്ച മറച്ച് കാട്ടുപൊന്തകൾ വളരുന്നു. ചാത്തമംഗലം പാലക്കാടി - ഏരിമല റോഡിലാണ് അപകടങ്ങൾ വിളിച്ചുവരുത്തുന്ന തരത്തിൽ കാടുകൾ നിറഞ്ഞിരിക്കുന്നത്. കനത്ത മഴയിൽ എതിരെ വരുന്ന വാഹനങ്ങളെ മുമ്പിലെത്തിയാൽ മാത്രമേ കാണാനാവൂ എന്ന അവസ്ഥയാണ്. മരങ്ങൾ റോഡിലേക്ക് വളർന്നുനിൽക്കുന്ന ഈ ഭാഗത്ത് ഒരു വളവ് കൂടിയുണ്ട്. ഇവിടെയാണ് അപകടങ്ങൾ പതിവായി സംഭവിക്കുന്നത്. റോഡ് നന്നായി ടാർ ചെയ്ത് ഡിവൈഡർ ലൈനുകളുണ്ടെങ്കിലും ചെടികൾ വളർന്ന് വളർന്ന് ഒരുഭാഗം റോഡിലേക്ക് കയറി നിൽക്കുകയാണ്. വാഹനം വരുമ്പോൾ കാൽ നടയാത്രക്കാർക്ക് മാറിനിൽക്കുവാൻ പോലും ഇടമില്ലാതെയാണ് നിബിഡമായി കാടുകൾ വളർന്നിരിക്കുന്നത്. കളൻതോടിലേക്കും നായർകുഴിയിലേക്കും എം.വി.ആർ ക്യാൻസർ സെന്ററിലേക്കുമുള്ള എളുപ്പ വഴിയായതിനാൽ ഒട്ടേറെ വാഹനങ്ങൾ അമിതവേഗത്തിലാണ് ഇതുവഴി കടന്നുപോകുന്നത്. ഇത് അപകടങ്ങൾക്ക് ആക്കം കൂട്ടുകയാണ്.

തെരുവുനായശല്യവും

വിജനമായ സ്ഥലമായതിനാൽ വാഹനങ്ങളിൽ വന്ന് രാത്രികാലങ്ങളിൽ സാമൂഹ്യദ്രോഹികൾ ഇവിടെ മാലിന്യം നിക്ഷേപിക്കാറുണ്ട്. അതിനാൽ തെരുവുനായ്ക്കൾ എപ്പോഴും റോഡിലുണ്ടാകും. കാറിനും സ്ക്കൂട്ടറിനും പിറകെ തെരുവ് നായ്ക്കൾ ഓടിയടുക്കുന്നതും ഇവിടെ പതിവ് സംഭവമാണ്. ഈ ഭാഗത്ത് മതിയായ തെരുവുവിളക്കാത്തതും രാത്രിയാത്രക്ക് വെല്ലുവിളിയാണ്. ഗ്രാമപ‌ഞ്ചായത്ത് അധികൃതർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വെട്ടിമാറ്റാവുന്നതാണെന്ന് നാട്ടുകാർ പറയുന്നു.