ചിറ്റൂരിൽ കള്ളിൽ വീണ്ടും ചുമ മരുന്നിന്റെ സാന്നിദ്ധ്യം
ചിറ്റൂർ: മുമ്പ് കള്ളിൽ ചുമമരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് അടച്ചു പൂട്ടിയ ഷാപ്പിലെ കള്ളിൽ വീണ്ടും കഫ് സിറപ്പിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ഇത് മൂന്നാം തവണയാണ് പ്രസ്തുത ഷാപ്പിലെ കളളിൽ ചുമമരുന്നിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നത്. ചിറ്റൂർ റേഞ്ചിലെ ആറാം ഗ്രൂപ്പിലെ നാവുക്കോട് ഷാപ്പിൽ നിന്ന് 2കഴിഞ്ഞ നവംബർ 26ന് ശേഖരിച്ച സാമ്പിളിന്റെ ലാബ് പരിശോധന ഫലമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇതിനു മുമ്പ് പലപ്പോഴായി ഈ ഷാപ്പിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ പരിശോനഫലം മാർച്ച് 18 നും ജൂൺ 17നുമായി പുറത്തു വന്നിരുന്നതിലും കഫ് സിറഫിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. ആദ്യത്തെ പരിശോധന ഫലം പുറത്തു വന്നപ്പോൾ ഷാപ്പിന്റെ അന്നത്തെ ലൈസൻസിയായ ആലപ്പുഴ സ്വദേശി രമേശ് മരിച്ചതിനാൽ പട്ടഞ്ചേരി സ്വദേശി സുമേഷ് കൺവീനറാണ് ഷാപ്പുകൾ നടത്തിയിരുന്നത്. അതുകൊണ്ട് അന്നു നടപടി ഉണ്ടായില്ല. രണ്ടാമത്തെ സാമ്പിൾ ശേഖരിച്ച സമയത്ത് രമേശിന്റെ ഭാര്യ സുജാതയുടെ പേരിലേക്ക് ലൈസൻസ് മാറ്റിയിരുന്നു. അതിനാൽ ലൈസൻസി സുജാതക്കെതിരേയും വില്പനക്കാരൻ പട്ടഞ്ചേരി സ്വദേശി രാമകൃഷ്ണനെതിരേയും കേസ്സെടുക്കുകയും ഷാപ്പുകൾ അടച്ചിടുകയും ചെയ്തിരുന്നു. എന്നാൽ പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയ ശേഷം ഒളിവിൽ പോകുകയായിരുന്നെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു. നിലവിൽ ആറാം ഗ്രൂപ്പിലെ ലൈസൻസിക്കെതിരെ നടപടി എടുത്തിരിക്കുന്ന സാഹചര്യത്തിൽ അധിക കേസ് കൂടി ചുമത്തിയിട്ടുണ്ട്. അറസ്റ്റ് തുടങ്ങിയ നടപടികൾ ഉടൻ ഉണ്ടാകുമെന്നും എക്‌സൈസ് അധികൃതർ പറഞ്ഞു.