മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി കെട്ടിട സമുച്ചയം നിർമ്മാണോദ്ഘാടനം ഇന്ന്
മൂവാറ്റുപുഴ: വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് ശാപമോക്ഷം ലഭിക്കുന്നു. കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരണം ഇന്ന് ആരംഭിക്കും, നിർമ്മാണ ഉദ്ഘാടനം മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിക്കും. മുൻസിപ്പൽ ചെയർമാൻ പി.പി എൽദോസ് അദ്ധ്യക്ഷത വഹിക്കും. മാത്യു കുഴൽനാടൻ എം.എൽ.എയുടെ 2023-24 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് 4.25 കോടി രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിട സമുച്ചയമുൾപ്പെടെ ഉള്ള നവീകരണം പൂർത്തീകരിക്കുന്നത്. നിർമ്മാണ പ്രവർത്തനത്തിന്റെ ചുമതല പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നൽകിയിരിക്കുന്നത്.
ക്ലോക്ക്ടവർ ഉൾപ്പെടെ അടിമുടി മാറ്റം
മൂവാറ്റുപുഴയുടെ തന്നെ മുഖച്ഛായ മാറ്റുന്ന രീതിയിൽ ക്ലോക്ക് ടവർ അടക്കം ഉൾപ്പെടുത്തിക്കൊണ്ട്, യാത്രക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടി അത്യാധുനിക നിലവാരത്തിലാണ് ബസ് സ്റ്റേഷന്റെ നവീകരണം.നിലവിൽ പണി പൂർത്തീകരിക്കാത്ത കെട്ടിടത്തിന് സമാന്തരമായി രണ്ട് നിലകളുള്ള പുതിയ കെട്ടിടം ഉണ്ടാകും. നിലവിൽ പണി പൂർത്തീകരിക്കാതെ കിടക്കുന്ന കെട്ടിടവും ഇതോടൊപ്പം നവീകരിച്ച് ടൈൽ, പെയിന്റിംഗ് ഉൾപ്പെടെ നടത്തും.
സ്റ്റേഷൻ മാസ്റ്റർ റൂം
ഇൻഫർമേഷൻ ഏരിയ
വനിത, പുരുഷ ജീവനക്കാർക്ക് പ്രത്യേകം വിശ്രമ മുറികൾ
ആധുനിക നിലവാരത്തിൽ യാത്രക്കാർക്കുള്ള കാത്തിരിപ്പ് കേന്ദ്രം
പുതിയ രീതിയിലുള്ള ഓഫീസ് മുറികൾ
യാത്രക്കാർക്ക് വേണ്ടിയുള്ള ശുചിമുറികൾ
വാഷ് ഏരിയ അടക്കമുള്ള സൗകര്യങ്ങൾ
കോഫി ഷോപ്പും ഭക്ഷണശാലയും