തൃശൂരിലെ തോൽവി നെഞ്ചത്തേറ്റ മുറിവ്: ബിനോയ് വിശ്വം
ഇരിങ്ങാലക്കുട: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ തോൽവി നെഞ്ചത്തേറ്റ മുറിവാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി.പി.ഐ തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ വർഗീയതയെയും കൂട്ടു പിടിച്ചാണ് അവർ വിജയിച്ചത്. ആ പരാജയത്തെക്കുറിച്ച് പാർട്ടി പഠിക്കും.മൂന്നാം തവണയും എൽ.ഡി.എഫ് അധികാരത്തിൽ വരണമെന്നതാണ് കേരളത്തിന്റെ ജനഹിതം. ആ തീരുമാനം മാറ്റാൻ ആർക്കുമാകില്ല. ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന്റെ തലച്ചോറായി മാറുകയാണ് കോൺഗ്രസ്. ബി.ജെ.പിയുമായി കോൺഗ്രസിന് വലിയ ചങ്ങാത്തമുണ്ട്. എസ്.ഡി.പി.ഐ അടക്കം പുതുരൂപങ്ങളെ ചേർത്ത് പഴയ സഖ്യം കോൺഗ്രസ് വിപുലീകരിക്കുകയാണ്. എല്ലാ അടവും പയറ്റിയാലും കോൺഗ്രസ് നീക്കത്തെ ജനങ്ങൾ ചെറുത്തു തോൽപ്പിക്കും..ശശി തരൂരിന്റെ ബുദ്ധി പരിഹാസ്യമാണ്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമായിരുന്ന് സ്വന്തം പാർട്ടിയെ തള്ളിപ്പറയുന്ന നേതാവ് രാജി വച്ച് ബി.ജെ.പിയിൽ ചേരണമെന്നും ബിനോയ് വിശ്വം പറഞ്ഞു. സംസ്ഥാന നിർവാഹക അംഗം സി.എൻ. ജയദേവൻ പതാക ഉയർത്തി.. പ്രതിനിധി സമ്മേളനം ഇന്നും തുടരും. സമ്മേളനം 13ന് സമാപിക്കും.