350 കോടിയോളം നീക്കിയിരുപ്പ്: സാങ്കേതിക സർവകലാശാലയിൽ ഓഡിറ്റിംഗ് ഒഴിവാക്കാൻ നീക്കം #ഓഡിറ്റിംഗ് വേണ്ടെന്ന് സിൻഡിക്കേറ്റ് #ഒഴിവാക്കാനാവില്ലെന്ന് ധനവകുപ്പ്

Saturday 12 July 2025 11:50 PM IST

കൊച്ചി: 350 കോടിയോളം രൂപ നീക്കിയിരിപ്പുള്ള എ.പി.ജെ. അബ്ദുൾകലാം സാങ്കേതിക സർവകലാശാലയിൽ സംസ്ഥാന സർക്കാരിന്റെ ഓഡിറ്റിംഗ് ഓഫീസി​ന്റെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് സർവകലാശാലാ സിൻഡിക്കേറ്റിലെ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി . ഇത്രയും തുക കൈവശമുള്ള സ്ഥാപനത്തിൽ ഓഡി​റ്റിംഗ് അവസാനി​പ്പി​ക്കാൻ നടത്തിയ ശ്രമത്തിനു പിന്നിൽ ദുരൂഹത സംശയിക്കുന്നു.

ഇത്രയും തുക നീക്കി​യി​രി​പ്പുള്ള മറ്റൊരു സർവകലാശാലയും കേരളത്തിലില്ല. ഈ ശുപാർശ അനുവദിക്കാനാവില്ലെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് സർവകലാശാലയെ അറിയിച്ചു.

മുൻ എം.പി​. ഡോ. പി.കെ.ബിജു അംഗമായ

കമ്മിറ്റിയുടെ ശുപാർശ സർവകലാശാല അധികൃതർ ഓഡിറ്റ് വകുപ്പിന് അയച്ചിരുന്നു. അവർ അത് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനും (സി​.എ.ജി​) കൈമാറിയിരുന്നു.

കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമപ്രകാരം സംസ്ഥാനത്തെ എല്ലാ സർവകലാശാലകളുടെയും ഓഡിറ്റിംഗ് സംസ്ഥാന ഓഡിറ്റ് വകുപ്പിൽ നിക്ഷിപ്തമാണെന്നും ഓഡിറ്ററെ സർക്കാരാണ് നിയമിക്കുന്നതെന്നും ധനകാര്യ അണ്ടർ സെക്രട്ടറി എൽസി ജോർജ് കഴി​ഞ്ഞ ദിവസം സർവകലാശാല രജിസ്ട്രാർക്ക് അയച്ച കത്തിൽ പറയുന്നു.

അഫിലിയേഷനും പരീക്ഷാ

നടത്തിപ്പും മാത്രം

1. അഫി​ലി​യേഷൻ നൽകലും പരീക്ഷാ നടത്തി​പ്പും ഒഴി​കെ കാര്യമായ ഒരു പ്രവർത്തനവും സാങ്കേതിക സർവകലാശാലയിലില്ല. മറ്റു സർവകലാശാലകളിൽ വിപുലമായ ക്യാമ്പസുകളും പഠന വിഭാഗങ്ങളുമുണ്ട്. ഇവിടെ പേരിനുവേണ്ടി അറുപതു പേർക്ക് പ്രവേശനം നൽകുന്ന എം.ടെക് കോഴ്സ് മാത്രം.

2. അറുപതോളം സ്ഥി​രം ജീവനക്കാരുടെയും അത്രതന്നെ കരാർ ജീവനക്കാരുടെയും ശമ്പളവും മാസം 90 ലക്ഷത്തോളം രൂപയുടെ സോഫ്റ്റ് വെയർ മെയി​ന്റനൻസ് ചെലവും മാത്രമാണ് പ്രധാനമായും ഉള്ളത്.

3. വൈസ് ചാൻസലർ, പ്രോ വി​.സി​, രജി​സ്ട്രാർ, കൺ​ട്രോളർ ഒഫ് എക്സാമി​നേഷൻ, റി​സർച്ച് ഡീൻ തുടങ്ങി​യ പദവി​കളി​ൽ എല്ലാവരും താത്കാലി​കക്കാരാണ്. തി​രുവനന്തപുരത്തെ കോളേജ് ഒഫ് എൻജിനിയറിംഗ് വളപ്പി​ലെ ആസ്ഥാനം പോലും താത്കാലികമാണ്. സ്വന്തം കെട്ടി​ടമോ മറ്റ് സംവി​ധാനങ്ങളോ ഇല്ല.

``വൻസാമ്പത്തിക വെട്ടിപ്പിന് വഴിയൊരുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഓഡിറ്റിംഗ് ഒഴിവാക്കാനുള്ള ശ്രമം. 15 ലക്ഷം വരെ ടി.എ വാങ്ങുന്ന സിൻഡിക്കേറ്റ് അംഗങ്ങൾ സാങ്കേതിക സർവകലാശാലയിലുണ്ട്. ഇനിയും ഇത്തരം നീക്കമുണ്ടാകും.''

-ആർ. എസ്. ശശികുമാർ

സേവ് യൂണിവേഴ്സിറ്റി ഫോറം