ബി.ജെ.പി.സംസ്ഥാന ഓഫീസ് ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: ബിജെപി സംസ്ഥാന ഓഫീസ് ഉദ്ഘാടനം ഇന്ന് രാവിലെ 11ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർവ്വഹിക്കും. ഓഫീസിലെത്തി പതാക ഉയർത്തുന്ന അമിത് ഷാ, ഓഫീസിന് മുന്നിൽ വൃക്ഷത്തൈ നടും. തുടർന്ന് നാട മുറിച്ച് കെട്ടിടത്തിൽ പ്രവേശിച്ച് വിളക്കു കൊളുത്തി ഓഫീസ് ഉദ്ഘാടനം നിർവഹിക്കും. ഓഫീസിന്റെ നടുത്തളത്തിൽ സ്ഥാപിച്ച മുൻ സംസ്ഥാന അധ്യക്ഷൻ കെ.ജി മാരാരുടെ അർദ്ധകായ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യും.
പതിനൊന്നരയ്ക്ക് പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന വാർഡുതല നേതൃസംഗമം അമിത് ഷാ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ അയ്യായിരം വാർഡ് സമിതികളിലെ 25,000 പേരാണ് നേതൃസംഗമത്തിലെത്തുന്നത്. മറ്റു പത്ത് റവന്യൂ ജില്ലകളിലെ അഞ്ചംഗ വാർഡ് സമിതി അംഗങ്ങളും പഞ്ചായത്ത് മുതൽ ജില്ലാ തലം വരെയുള്ള നേതാക്കളും ഉൾപ്പെടെ ഒന്നര ലക്ഷത്തോളം പേർ അതാതു പഞ്ചായത്ത്, ഏരിയാ തലങ്ങളിൽ വെർച്വലായി പങ്കെടുക്കും.. ഉച്ചയ്ക്ക് ശേഷം ബിജെപി സംസ്ഥാന നേതൃയോഗത്തിലും അമിത് ഷാ പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യും. നാലു മണിയോടെ കണ്ണൂരിലേക്ക് തിരിക്കുന്ന ആഭ്യന്തരമന്ത്രി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ഡൽഹിക്ക് മടങ്ങും.