പ്രിയ നായർ എച്ച്.യു.എൽ. എം.ഡി
കൊച്ചി: ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ (എച്ച്.യു.എൽ) തലപ്പത്ത് ആദ്യമായി ഒരു മലയാളി വനിത നിയമിതയായി. നിലവിൽ എച്ച്.എല്ലിന്റെ മാതൃകമ്പനിയായ ലണ്ടനിലെ യൂണിലിവർ ബ്യൂട്ടി ആൻഡ് വെൽബീയിംഗ് വിഭാഗം പ്രസിഡന്റായ പ്രിയ നായരാണ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായത്.
എച്ച്.യു.എല്ലിന്റെ 92 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ പദവിയിൽ എത്തുന്നത്. അടുത്തമാസം ഒന്നിന് പ്രിയ നായർ ചുമതലയേൽക്കും. നിലവിലെ എം.ഡിയും സി.ഇ.ഒയുമായ രോഹിത് ജാവ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനം. പുതിയ എം.ഡിയുടെ നിയമനവാർത്ത പുറത്തുവന്നതിന് പിന്നാലെ ഇന്നലെ സ്റ്റോക്ക് മാർക്കറ്റിൽ ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ഓഹരി വിലയിൽ കുതിപ്പുണ്ടായി.
മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ജനിച്ച പ്രിയ നായരുടെ മാതാപിതാക്കൾ മലയാളികളാണ്. പുനെയിലെ സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മാർക്കറ്റിംഗിൽ എം.ബി.എ പൂർത്തിയാക്കിയ ശേഷം 1995ൽ എച്ച്.യു.എല്ലിൽ ചേർന്നു. 2014ൽ എക്‌സിക്യുട്ടീവ് ഡയറക്ടറായി. 2022ൽ ലണ്ടനിൽ യൂണീലിവറിന്റെ ബ്യൂട്ടി ആൻഡ് വെൽബിയിംഗ് വിഭാഗം ആഗോള ചീഫ് മാർക്കറ്റിംഗ് ഓഫീസറായി. 2023 മുതൽ ഈ വിഭാഗത്തിൽ പ്രസിഡന്റായി.