വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ തകർത്തു: വി.ഡി. സതീശൻ
കൊച്ചി: സംസ്ഥാനത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ എൽ.ഡി.എഫ് സർക്കാർ തകർത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
അവസാന നിമിഷം കീം പ്രോസ്പെക്ടസ് തിരുത്തി എത്രയോ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയതിനെ,ഉന്നത വിദ്യാഭ്യാസമന്ത്രി ഇപ്പോഴും ന്യായീകരിക്കുകയാണ്. പ്രോസ്പെക്ടസിൽ ഭേദഗതി വരുത്തരുതെന്ന റിപ്പോർട്ടുണ്ടായിട്ടും മന്ത്രി ആർക്കു വേണ്ടിയാണ് ഭേദഗതി വരുത്തിയത്? .പത്ത് മിനിട്ടു കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നത്തിന്റെ പേരിൽ തുടങ്ങിയ സംഘർഷം സർവകലാശാലകളെയും വിദ്യാർത്ഥികളെയും തടവിലാക്കി. രാജ്ഭവനും സർക്കാരും തമ്മിലുള്ള തർക്കം എന്തിനാണ് സർവകലാശാലകളിലേക്ക് വ്യാപിപ്പിക്കുന്നത്? ഫയലുകൾ വി.സി നിയമിച്ച രജിസ്ട്രാർക്ക് അയയ്‌ക്കണോ, സസ്പെൻഷനിലായ രജിസ്ട്രാർക്ക് അയയ്‌ക്കണോയെന്ന് കേരള സർവകലാശാലയിലെ ആർക്കും അറിയില്ല.
വി.സി രാജ്ഭവന്റെ ആളാണെന്നു പറഞ്ഞാണ് സമരം നടത്തുന്നത്. ഈ വി.സിയെ ആരോഗ്യ സർവകലാശാലാ വി.സിയാക്കിയതും പിണറായി സർക്കാരാണ്. അദ്ദേഹത്തിന് ഗവർണർ കേരളയുടെ അധിക ചുമതല മാത്രമാണ് നൽകിയിരിക്കുന്നത്.താൻ ആർ.എസ്.എസ് ഏജന്റാണെന്ന കാപ്‌സ്യൂൾ കൈയ്യിൽ വച്ചാൽ മതി. ഗവർണറെയും കൂട്ടി നിർമ്മല സീതാരാമനൊപ്പം പുട്ടും കടലയും കഴിക്കാൻ പോയ പിണറായി വിജയനാണ് ആർ.എസ്.എസ് ഏജന്റെന്നും സതിശൻ പറഞ്ഞു.