കൊലക്കേസ് പ്രതിക്ക് വിവാഹത്തിന് പരോൾ

Friday 11 July 2025 11:55 PM IST

കൊച്ചി: കൊലക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതിക്ക് വിവാഹം കഴിക്കാൻ 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ച് ഹൈക്കോടതി. തൃശൂർ സ്വദേശി പ്രശാന്തിനാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പരോൾ അനുവദിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളെ വിവാഹം കഴിക്കാൻ സന്നദ്ധയായ യുവതിയുടെ പ്രണയവും ഇഷ്ടവും മാത്രം കണക്കിലെടുത്താണ് പരോൾ അനുവദിക്കുന്നതെന്ന് കോടതി പറഞ്ഞു.

'പ്രണയത്തിന് മുന്നിൽ യാതൊരു തടസങ്ങളും നിലനിൽക്കില്ല' എന്ന അമേരിക്കൻ കവയിത്രി മായ ആഞ്ചലോയുടെ വാക്യങ്ങൾ ഉത്തരവിൽ ഉൾപ്പെടുത്തിയ കോടതി ഇരുവർക്കും ഭാവുകങ്ങളും നേർന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിക്ക് പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് മാതാവാണ് ഹർജി നൽകിയത്. നാളെയാണ് വിവാഹം. വിവാഹത്തിന് പരോൾ അനുവദിക്കാൻ വകുപ്പില്ലാത്തതിനാൽ ജയിൽ അധികൃതർ അപേക്ഷ നിരസിച്ചിരുന്നു.