മ്യൂച്വൽ ഫണ്ടുകളിലേക്ക് മലയാളികൾ പണമൊഴുക്കുന്നു

Saturday 12 July 2025 12:56 AM IST

 മ്യൂച്വൽ ഫണ്ട് ആസ്തി ഒരു ലക്ഷം കോടി രൂപയിലേക്ക്

കൊച്ചി: ഓഹരി വിപണിയിലെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി ദീർഘകാല വരുമാനം ഉറപ്പാക്കാൻ മലയാളികൾ മ്യൂച്വൽ ഫണ്ടുകളിലേക്ക് നിക്ഷേപം ഒഴുക്കുന്നു. കേരളത്തിലെ മ്യൂച്വൽ ഫണ്ട് ആസ്തി മേയ് മാസത്തിൽ 94,829.36 കോടി രൂപ കവിഞ്ഞെന്ന് അസോസിയേഷൻ ഒഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യ(ആംഫി) വ്യക്തമാക്കി. രാജ്യത്തെ മ്യൂച്വൽ ഫണ്ടുകളുടെ മൊത്തം ആസ്തിയായ 72.19 ലക്ഷം കോടി രൂപയുടെ 1.3 ശതമാനമാണിത്. സിസ്റ്റമാറ്റിക് നിക്ഷേപ പദ്ധതികളിലും(എസ്.ഐ.പി) കേരളം മുന്നിലാണ്. 23.2 ലക്ഷം എസ്.ഐ.പി ഫോളിയോകളാണ് കേരളത്തിലുള്ളത്. മൊത്തം മ്യൂച്വൽ ഫണ്ട് വിപണിയുടെ 45 ശതമാനം എസ്.ഐ.പികൾക്കാണ്. എസ്.ഐ.പി വിഭാഗത്തിലെ മൊത്തം ആസ്തികൾ 28,788.69 കോടി രൂപയാണ്. വാർഷികാടിസ്ഥാനത്തിൽ 27 ശതമാനം വളർച്ചയാണ് ഈ രംഗത്തുള്ളത്. പ്രതിമാസ എസ്.ഐ.പി നിക്ഷേപം മാർച്ചിൽ 635 കോടി രൂപയിലെത്തിയെന്ന് ആംഫി വ്യക്തമാക്കി.

കഴിഞ്ഞ വർഷം മാർച്ചിൽ 10.45 ലക്ഷം നിക്ഷേപകരാണ് കേരളത്തിൽ ഉണ്ടായിരുന്നത്. ഇപ്പോഴിത് 13.13 ലക്ഷമായി വർദ്ധിച്ചു. കേരളത്തിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപകരിൽ 28.5 ശതമാനവും വനിതകളാണ്. 25.7 ശതമാനമാണ് ദേശീയ ശരാശരി. ഡിജിറ്റൽ സൗകര്യങ്ങൾ, വിദ്യാഭ്യാസം, അച്ചടക്കത്തോടെയുള്ള സമ്പാദ്യ ശീലങ്ങൾ തുടങ്ങിയവയാണ് മ്യൂച്വൽ ഫണ്ടുകൾക്ക് കേരളത്തിൽ പ്രിയം വർദ്ധിപ്പിക്കുന്നതെന്ന് ആംഫി ചീഫ് എക്സിക്യുട്ടീവ് വി.എൻ ചാലസാനി പറഞ്ഞു.

കൊച്ചി മുന്നിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ 16,229.30 കോടി രൂപയുമായി കൊച്ചിയാണ് കേരളത്തിൽ മുൻനിരയിൽ. 10,163.09 കോടി രൂപയുമായി തിരുവനന്തപുരം തൊട്ടു പിന്നിലുണ്ട്. മൂന്നാം സ്ഥാനം തൃശൂരാണ്. നിക്ഷേപം 1,550 കോടി രൂപ.

• ആകെ മ്യൂച്വൽ ഫണ്ട് ആസ്തി: 74 ലക്ഷം കോടി രൂപ • നിക്ഷേപകരുടെ എണ്ണം : 5.52 കോടി • എസ്.ഐ.പി പ്രതിമാസ നിക്ഷേപം: 27,269 കോടി

കേരളത്തിലെ നിക്ഷേപകരിൽ 28.5 ശതമാനം വനിതകൾ

ഓരോ നിക്ഷേപകനേയും സംരക്ഷിച്ച് ദീർഘകാലത്തേക്ക് മ്യൂച്വൽ ഫണ്ടിൽ പങ്കെടുപ്പിച്ച് മികച്ച വരുമാനം ലഭ്യമാക്കാനാണ് ലക്ഷ്യം വെങ്കട് ചലാസന ചീഫ് എക്‌സിക്യുട്ടീവ് ആംഫി