വന്യജീവി സംഘർഷം---- ഫണ്ടില്ല, "നവകിരണം" തെളിയുന്നില്ല
തിരുവനന്തപുരം: വന്യജീവി സംഘർഷത്തിൽ ഒറ്റപ്പെട്ട് വനമേഖലയിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള നവകിരണം പദ്ധതി ഫണ്ടില്ലാത്തതിനാൽ ഇഴയുന്നു. സ്വയം മാറിത്താമസിക്കാൻ 4000ത്തോളം ആളുകൾ അപേക്ഷ നൽകിയതിൽ 6 വർഷത്തിനിടെ 1018 പേരെയാണ് പദ്ധതി മുഖേന പുനരധിവസിപ്പിച്ചത്. 136.05 കോടി രൂപ ചെലവഴിച്ചു. വന്യജീവി സംഘർഷം രൂക്ഷമായ പ്രദേശങ്ങളിൽ 15,000ത്തോളം കുടുംബങ്ങളുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
കിഫ്ബി, റീബിൽഡ് കേരള എന്നിവയുടെ ഫണ്ടുപയോഗിച്ചാണ് നവകിരണം പദ്ധതി നടപ്പാക്കുന്നത്. ഭൂമിയുടെ അളവനുസരിച്ച് കുടുംബത്തിന് 15 മുതൽ 30 ലക്ഷം രൂപ വരെ രണ്ട് ഗഡുക്കളായാണ് നൽകുന്നത്. 790 കുടുംബങ്ങളിൽ നിന്നായി 160 ഹെക്ടറോളം ഭൂമി ഏറ്റെടുത്തു. ആദ്യഗഡു ലഭിച്ച 221ഓളം കുടുംബങ്ങൾക്ക് രണ്ടാം ഗഡു ലഭിക്കാനുണ്ട്. കിഫ്ബിയിൽ നിന്നും റീബിൽഡ് കേരളയിൽ നിന്നും 40 കോടി രൂപയോളം ലഭിക്കാനുണ്ടെന്നും അതുകിട്ടിയെങ്കിലേ രണ്ടാംഗഡു തുക നൽകാനാവൂവെന്നും വനംവകുപ്പ് അധികൃതർ പറയുന്നു.
5 സെന്റിനും 2 ഹെക്ടറിനും ഒരേ നിരക്ക്
രണ്ട് ഹെക്ടർ വരെയുള്ള ഭൂമിക്ക് 15 ലക്ഷമാണ് ഒരു കുടുംബത്തിന് നൽകുക. അതിന് മുകളിൽ എത്ര ഭൂമിയുണ്ടെങ്കിലും 30 ലക്ഷം രൂപ വരെ മാത്രമേ അനുവദിക്കുകയുള്ളൂ. അതിനാൽ ഭൂമി സ്വയം വിട്ടുനൽകാൻ ആളുകൾ തയ്യാറാകുന്നില്ല. 5 സെന്റിനും 2 ഹെക്ടറിനും ഒരേ നിരക്ക് ഏർപ്പെടുത്തിയുള്ള മാനദണ്ഡം പുതുക്കി നിശ്ചയിക്കണമെന്ന് ഗുണഭോക്താക്കൾ ആവശ്യപ്പെടുന്നു.
ഫലം കുറവെന്ന് വനംവകുപ്പ്
നിരക്കിലെ വൈരുദ്ധ്യംമൂലം ഒരു പ്രദേശത്തുള്ള എല്ലാവരും ഭൂമി വിട്ടുനൽകാൻ തയ്യാറാകുന്നില്ല. ഇതുമൂലം പലയിടത്തും പദ്ധതി ഫലംകാണാത്ത അവസ്ഥയിലാണ്. അതിനാൽ കിഫ്ബി ഫണ്ട് അനുവദിക്കുന്നതിലും കാലതാമസമുണ്ട്.
ഗുണഭോക്താക്കൾ
(ജില്ല അടിസ്ഥാനത്തിൽ)
തിരുവനന്തപുരം---- 76
കൊല്ലം--------------------- 247
പത്തനംതിട്ട------------ 27
എറണാകുളം---------- 32
ഇടുക്കി--------------------- 73
തൃശൂർ--------------------- 11
മലപ്പുറം-------------------- 118
കോഴിക്കോട്------------ 27
വയനാട്-------------------- 318
കണ്ണൂർ---------------------- 43
കാസർകോട്------------ 46
ആകെ----------------------- 1018