നിമിഷപ്രിയ: ഹർജിയുടെ പകർപ്പ് കൈമാറി

Friday 11 July 2025 11:56 PM IST

ന്യൂഡൽഹി: യെമനിൽ നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കി കിട്ടാൻ കേന്ദ്രസർക്കാർ ഇടപെടൽ തേടി സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്ന ഹ‌ർജിയുടെ പകർപ്പ് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിക്ക് കൈമാറി. കോടതി നിർദ്ദേശത്തെ തുടർന്നാണ് ഹർജിക്കാരായ സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിന്റെ അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ പകർപ്പ് നൽകിയത്. യെമനിലെ ജയിലിൽ പാർപ്പിച്ചിരിക്കുന്ന നിമിഷയുടെ വധശിക്ഷ ഈമാസം 16ന് നിശ്ചയിച്ചിരിക്കുകയാണ്. വിഷയം തിങ്കളാഴ്ച പരിഗണിക്കുമ്പോൾ, കേന്ദ്രം സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് അറ്രോർണി ജനറലിനോട് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്‌‌ദോ മഹ്ദിയുടെ കുടുംബത്തിന് ദയാധനം നൽകി നിമിഷയെ മോചിപ്പിക്കാനാണ് ശ്രമമെന്ന് ആക്ഷൻ കൗൺസിൽ കോടതിയെ അറിയിച്ചിരുന്നു. നയതന്ത്ര ചാനലുകൾ വഴി കുടുംബവുമായുള്ള ചർച്ചകൾക്ക് കേന്ദ്രസർക്കാർ നടപടിയെടുക്കണം. അതിനാവശ്യമായ നിർദ്ദേശം കേന്ദ്രത്തിന് നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.