ഹഡിൽ ഗ്ളോബലിന്റെ ഏഴാംപതിപ്പ് ഡിസംബറിൽ കോവളത്ത്
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് സംഗമമായ ഹഡിൽ ഗ്ലോബലിന്റെ ഏഴാം പതിപ്പ് കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ ഡിസംബർ 11 മുതൽ 13 വരെ കോവളത്ത് നടക്കും. 15ൽ അധികം രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിന് പ്രതിനിധികൾ പങ്കെടുക്കുന്ന 'ഹഡിൽ ഗ്ലോബൽ 2025' മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആഗോള തലത്തിലെ 200ൽ അധികം നിക്ഷേപകരെത്തുന്ന സ്റ്റാർട്ടപ്പ് സംഗമത്തിൽ 4000 സ്റ്റാർട്ടപ്പുകൾ, 100 ഏയ്ഞ്ചൽ നിക്ഷേപകർ, നയരൂപീകരണ വിദഗ്ദ്ധർ, മെന്റർമാർ, എച്ച്.എൻ.ഐകൾ, കോർപ്പറേറ്റുകൾ, പ്രഭാഷകർ തുടങ്ങിയവർ പങ്കെടുക്കും. സ്റ്റാർട്ടപ്പ് പരിപാടി എന്നതിനപ്പുറമാണ് 'ഹഡിൽ ഗ്ലോബൽ 2025' എന്ന് സംസ്ഥാന ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ സെക്രട്ടറി സീറാം സാംമ്പശിവ റാവു പറഞ്ഞു. നിർമ്മിത ബുദ്ധി (എ.ഐ), ഫിൻടെക്, ബ്ലോക്ക് ചെയിൻ, ഹെൽത്ത്‌ടെക്, ലൈഫ് സയൻസസ്, ഓഗ്മെന്റഡ്/വെർച്വൽ റിയാലിറ്റി, സ്‌പേസ്‌ടെക്, ഇഗവേണൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ് എന്നിവയുൾപ്പെടെയുള്ള ഭാവി മേഖലകളെ ഹഡിൽ ഗ്ലോബൽ ഉയർത്തിക്കാട്ടും. ഈ മേഖലകളിലെ സ്റ്റാർട്ടപ്പുകൾ മികച്ച ആശയങ്ങൾ അവതരിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപകരുമായുള്ള തത്സമയ ചർച്ചകൾ, പൈലറ്റ് ഫണ്ടിംഗ്, ആഗോള വിപണി സാദ്ധ്യതകൾ തുടങ്ങിയവ അറിയാനുള്ള അവസരവും ലഭ്യമാകും.